കേരളത്തില്‍ എത്തിച്ച വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാര്‍ ! എറണാകുളം,ചാലക്കുടി മണ്ഡലങ്ങളില്‍ മാത്രം തകരാറിലായത് 307 യന്ത്രങ്ങള്‍; ആശങ്കയില്‍ ഉദ്യോഗസ്ഥര്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെറും മൂന്നു ദിവസം മാത്രം ശേഷിക്കെ ഉപയോഗിക്കാനായി തയ്യാറാക്കി വെച്ചിരുന്ന വോട്ടിംഗ്,വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം ക്രമീകരിക്കുന്നത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

പല ജില്ലകളിലും യന്ത്രങ്ങള്‍ക്കു കേടുപാടുണ്ടെന്നു ബോധ്യമായതോടെ പ്രശ്നം പരിഹരിക്കാന്‍ ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിംഗ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു. 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും എത്തിച്ചു. ഇവ ജില്ലകളിലേക്കു കൈമാറി അടിയന്തരമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിര്‍ദ്ദേശം. എറണാകുളം കലക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വന്‍ സുരക്ഷാ വലയം തീര്‍ത്താണ് കലക്ടറേറ്റില്‍ ഇവയുടെ പരിശോധന. പുതുതായി കൊണ്ടുവന്ന വിവിപാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ ഹൈദരാബാദ് ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ കൊച്ചിയിലെത്തി.

ഭൂരിഭാഗം ജില്ലകളിലും ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള യന്ത്രങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടങ്ങളില്‍ പല യന്ത്രങ്ങളും തകരാറിലായതിനാല്‍ റിസര്‍വില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങള്‍ കൂടി എടുത്താണ് ബൂത്തുകളിലേക്കുള്ളവ സജ്ജമാക്കിയത്. ഇന്നലെ എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കല്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികളാണ് കൈക്കൊള്ളുന്നത്. ഏതെങ്കിലും ബൂത്തില്‍ വോട്ടിംഗിനിടെ യന്ത്രം തകരാറിലായാല്‍ പകരം നല്‍കാനാണ് റിസര്‍വായി യന്ത്രം കരുതുന്നത്. ഇന്നലെ രാത്രി എത്തിച്ച യന്ത്രങ്ങള്‍കൂടി സജ്ജമാകുന്നതോടെ കുറ്റമറ്റ വോട്ടിംഗ് സാധ്യമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രം 307 വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. 249 കണ്‍ട്രോള്‍ യൂണിറ്റുകളും 144 ബാലറ്റ് യൂണിറ്റുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് അവ മാറ്റി വച്ചു. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലുവ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ച വേളയില്‍ 32 വിവിപാറ്റ് യന്ത്രങ്ങളും 29 കണ്‍ട്രോള്‍ യൂണിറ്റും 20 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി.

കളമശേരിയില്‍ 21 വിവിപാറ്റും 13 കണ്‍ട്രോള്‍ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തിച്ചില്ല. ഇന്നലെ രാത്രി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ 200 എണ്ണം എറണാകുളത്ത് ഉപയോഗിക്കും. ബാക്കിയുള്ളവ ഇതര ജില്ലകളിലേക്കു കൊണ്ടുപോകും. പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ കഴിഞ്ഞ മാസം ഉദ്യോസ്ഥരെ പരിശീലിപ്പിക്കാന്‍ പുറത്തെടുത്തപ്പോഴും തകരാറു കണ്ടെത്തിയിരുന്നു. പരിശീലനത്തിനു കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് കാരണമായി അന്നു പറഞ്ഞിരുന്നത്. ശക്തമായ സൂര്യ രശ്മിയേറ്റാല്‍ വിവിപാറ്റ് യന്ത്രത്തിന്റെ സെന്‍സര്‍ സംവിധാനം തകരാറിലാകുമെന്നും വിശദീകരണമുണ്ടായി. പ്രകാശരശ്മികള്‍ പതിക്കാത്ത സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളിലാണ് ഇപ്പോള്‍ തകരാര്‍ കണ്ടെത്തിയത്.

ചാലക്കുടിയിലെതന്നെ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ 38 വിവിപാറ്റ് യന്ത്രവും 13 കണ്‍ട്രോള്‍ യൂണിറ്റും പ്രവര്‍ത്തന രഹിതമായിരുന്നു. ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ 30 വിവിപാറ്റും 11 കണ്‍ട്രോള്‍ യൂണിറ്റും 7 ബാലറ്റ് യൂണിറ്റും തകരാറിലായിരുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കൊച്ചി നിയമസഭാ മണ്ഡലത്തില്‍ 28 വിവിപാറ്റ് യന്ത്രവും 24 കണ്‍ട്രോള്‍ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തനരഹിതമായിരുന്നു.

Related posts