‘ലൈംഗികമായി വഴങ്ങേണ്ടി വന്നിട്ടുമില്ല ആരും പീഡിപ്പിച്ചിട്ടുമില്ല’; സിനിമാ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നടിമാര്‍ ഇങ്ങനെ നിര്‍മാതാവിന് സത്യവാങ്മൂലം നല്‍കേണ്ടി വരും

കൊച്ചി: മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന ‘ കാസ്റ്റിംഗ് കൗച്ച്’ അവസാനിപ്പിക്കാനുറച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമാ മേഖലയില്‍ എല്ലാം ‘ഡീസന്റ്’ ആണെന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ വാദമുഖങ്ങള്‍ ഇവര്‍ മുമ്പേ പൊളിച്ചടുക്കിയിരുന്നു. പിന്നീട് സിനിമസെറ്റുകളിലെ പീഡനകഥകളുടെ പരമ്പരയാണ് പുറത്തുവന്നത്. എല്ലാത്തിലും വില്ലന്‍ പള്‍സര്‍ സുനിയും.

ഇങ്ങനെ പഴയ കഥകള്‍ നടിമാര്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ സിനിമാ ലോകം പ്രതിസന്ധിയിലായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും. ഭാവിയില്‍ പീഡന പരാതികളില്‍ കുടുങ്ങാതിരിക്കാനാണ് നീക്കം. ഓരോ സെറ്റിലും സ്ത്രീ പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമപരമായി ഉറപ്പാക്കാനുള്ള തന്ത്രം. ഇതിന്റെ രൂപ രേഖ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും തയ്യാറാക്കി കഴിഞ്ഞു. ഇതിന് നിയമ സാധുതയുണ്ടോയെന്ന് ഉറപ്പിക്കുകയാണ് ഇവര്‍. ഇതിന്റെ ആദ്യ പടിയായി നടിമാര്‍ക്ക് ഇനിമേലില്‍ രണ്ടു കരാറുണ്ടാക്കും. അഭിനയിക്കാനുള്ളതാണ് ആദ്യത്തേത്. ഇതില്‍ അവസരം ലഭിക്കാന്‍ താന്‍ ഒരു വിധ ചൂഷണത്തിനും ഇരയായില്ലെന്ന സത്യവാങ്മൂലം നല്‍കണം. നടി പാര്‍വ്വതി അടക്കമുള്ളവര്‍ കാസ്റ്റിങ് കൗച്ച് ആരോപണം ഉയര്‍ത്തിയതിനാലാണ്. സിനിമ പൂര്‍ത്തിയാകുമ്പോള്‍ നടിക്ക് കരാര്‍ തുക മുഴുവന്‍ നല്‍കും.ഇതിന് മുമ്പ് സിനിമാ സെറ്റില്‍ ഒരു പീഡനത്തിനും ഇരയായിട്ടില്ലെന്ന സത്യവാങ്മൂലവും നിര്‍മ്മാതാവ് എഴുതി വാങ്ങും.

ഭാവിയില്‍ ആരോപണമുയരാതിരിക്കാനാണിത്. ഇത്തരത്തില്‍ രണ്ടു കരാര്‍ ഒപ്പിടാന്‍ സമ്മതിക്കുന്നവര്‍ക്കു മാത്രമേ ഭാവിയില്‍ സിനിമ ലഭിക്കൂ. നിര്‍മ്മാതാക്കളും സംവിധായകരും ഇക്കാര്യത്തില്‍ ആശയ വിനിമയം പൂര്‍ത്തിയാക്കി കഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകരോട് ഇതിന്റെ നിയമ പ്രശ്നങ്ങള്‍ ചോദിച്ചിട്ടുമുണ്ട്. നടിമാരുടെ കരാറുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ തൊഴില്‍ സംസ്‌കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകള്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ചില പരാതികള്‍.

സിനിമയിലെ മേനീപ്രദര്‍ശന രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കുന്നത് നടിയുടെ അനുവാദത്തോടെയാകണമെന്നും പുതിയ കരാറിലുണ്ട്. നിര്‍മ്മാതാക്കളുടെ താല്‍പര്യാര്‍ത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകള്‍ക്കു പകരം വേതനം, തൊഴില്‍ സമയം , ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു കൊണ്ടുള്ള മാതൃകയില്‍ കരാറുകള്‍ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നുവെന്നാണ് മഞ്ജുവിന്റെ സംഘടന പറയുന്നത്. ഈ അവസരം മുതലെടുത്ത് പുതിയ കരാറിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം.വനിതാ സംഘടനയുടെ ആവശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിക്കും. ഇതിനൊപ്പം പീഡനമുണ്ടായിട്ടില്ലെന്ന് നടിമാരില്‍ നിന്ന് എഴുതി വാങ്ങുന്ന ക്ലോസും ഉള്‍പ്പെടുത്തും. ഇത് നിയമപരമായി രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്യും. ഇതിലൂടെ സിനിമാ സെറ്റിലെ പീഡനങ്ങള്‍ക്ക് നിര്‍മ്മാതാവിനെ ആര്‍ക്കും പഴി ചാരാന്‍ പറ്റാത്ത അവസ്ഥയും വരും. ചെറുത്തുനില്‍പിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകള്‍ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സിനിമയിലെ വനിതാ സംഘടനാ പറയുന്നത്.

സിനിമാ മേഖലയെ കലാരംഗം എന്നതിലുപരി തൊഴിലിടം എന്നു നിര്‍വചിക്കേണ്ടതിന്റെയും ലൈംഗിക പീഡന പരാതി സെല്ലുകള്‍ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയും വനിതാ സംഘടന ഉയര്‍ത്തിക്കാട്ടുന്നു. ഈ സംഘടനയുടെ ഇടപെടല്‍ മൂലം കൂടുതല്‍ പീഡന പരാതികള്‍ ഉയരുമെന്ന് സിനിമയിലെ മറ്റ് സംഘടനകള്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ മലയാള സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ജീന്‍പോള്‍ലാല്‍ വിഷയവും മലയാള സിനിമയെ ചൂടുപിടിപ്പിക്കുകയാണ്. ലോഹിതദാസിന്റെ നായികയായി സിനിമയിലെത്തിയ യുവതിയും പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്.കിളിരൂര്‍ കേസിലെ ആരോപണ വിധേയനായ നിര്‍മ്മാതാവാണ് പ്രതിസ്ഥാനത്ത്. ഇയാളുടെ നിര്‍ദ്ദേശാനുസരണം പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രധാന മുഖമാണ് ആരോപണ വിധേയന്‍.

ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉതകുന്ന തരത്തില്‍ നടിമാരെ രണ്ട് കരാറില്‍ ഒപ്പിടാന്‍ നീക്കം നടക്കുന്നത്. ഇതിന് നിയമപരമായ തടസ്സങ്ങളുണ്ടെങ്കിലും തങ്ങളുടെ സെറ്റില്‍ ലൈംഗികാതിക്രമം നടക്കുന്നില്ലെന്ന് നടിമാരില്‍ നിന്ന് ഉറപ്പ് കിട്ടിയേ തീരുവെന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം.അതുകൊണ്ട് തന്നെ തങ്ങളുടെ രക്ഷ ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ എടുക്കാനാണ് നീക്കം. ഫെഫ്കയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. അമ്മയെയും കൂടി സഹകരിപ്പിച്ച് ഈ കരാര്‍ നടപ്പാക്കാനാണ് നിര്‍മ്മാതാക്കളുടെ ആലോചന. ഇതോടെ സിനിമാ മേഖല ക്ലീന്‍ ക്ലീന്‍ ആകുമെന്ന് അവര്‍ പറയുന്നു.

 

Related posts