കോടതിമുറിയില്‍ വച്ച് കഞ്ചാവുകേസിലെ പ്രതി വനിതാ ഡോക്ടറുടെ കരണത്തടിച്ചു: കേഴ്‌വി തകരാറിലായ ഡോക്ടര്‍ ചികിത്സയില്‍; അടിച്ചത് മുഖത്തേക്കു നോക്കിയതിന്…

slappppppകോതമംഗലം: കോടതി മുറിയില്‍ വനിതാ ഡോക്ടറുടെ കരണം അടിച്ചു പുകച്ച് കഞ്ചാവുകേസിലെ പ്രതി. ഇന്ന് രാവിലെ 11 മണിയ്ക്ക് കോതമംഗലം കോടതിയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. തന്റെ മുഖത്തേക്കു നോക്കിയതില്‍ കുപിതനായാണ് കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു (62) കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ഐസക്കിന്റെ കരണത്തടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇയാളുടെ ആക്രമണം. നിന്നിടത്തുനിന്നും പാഞ്ഞടുത്ത ഇയാള്‍ കോടതി മുറിയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്ന ഡോക്ടറുടെ കരണത്തടിക്കുകയായിരുന്നു.

അടിയേറ്റ് വീണ ഡോക്ടറെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഡോക്ടര്‍ സിനി പറയുന്നതിങ്ങനെ, ” രാവിലെ 11.10 ആയിക്കാണും. ഒരു കേസിലെ സാക്ഷി പറയാന്‍ എത്തിയതായിരുന്നു ഞാന്‍. കോടതി മുറിയ്ക്കുള്ളിലെ പിന്‍ബഞ്ചില്‍ ഇരിക്കുകയായിരുന്നു. മുമ്പില്‍ നില്‍ക്കുന്നത് കോടതിയില്‍ അടിയുണ്ടാക്കിയ പ്രതിയാണെന്നും സൈക്യാട്രിക് ആണെന്നും ആരോ പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളാരാണെന്നറിയാനാണ് മുഖത്തേക്ക് നോക്കിയത്. ഈ സമയം മുന്നോട്ടാഞ്ഞ ഇയാള്‍ എന്റെ കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു”.

അടിയേറ്റ താന്‍ വീണുപോയെന്നും. പിന്നീട് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസുകാരാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നും സിനി പറയുന്നു. സിനിയുടെ മൊഴിയെടുത്ത് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ കോടതി പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തന്റെ കവിളില്‍ മരവിപ്പും ചെവിയ്ക്കു കേള്‍വിക്കുറവും അനുഭവപ്പെടുന്നുണ്ടെന്ന് സിനി പറയുന്നു. പ്രതിയെ കൊണ്ടുവന്ന പോലീസുകാരുടെ അശ്രദ്ധയാണ് തനിക്ക് അടികിട്ടാന്‍ കാരണമെന്നും തന്റെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ അനൂപിനെ ഇയാള്‍ ആക്രമിച്ചതിന്റെ കേസ് നിലവിലുണ്ടെന്നും സിനി പറയുന്നു.

കഴിഞ്ഞ അവധിക്ക് ഇയാളെ ഹാജരാക്കിയപ്പോള്‍ ഒച്ചപ്പാടും ബഹളവും പൊലീസുകാരുമായുള്ള മല്‍പിടുത്തവുമെല്ലാം കൂടി കോടതി നടപടികള്‍ അല്പസമയത്തേക്ക് തടസ്സപ്പെട്ടിരുന്നു. അകമ്പടി വന്ന രണ്ടുപൊലീസുകാരും കോടതിയില്‍ ഒരുകേസിന്റെ ആവശ്യത്തിലേക്കെത്തിയ ഒരു എസ്‌ഐയും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ കോടതിമുറിക്ക് പുറത്തെത്തിച്ചത്.രാജുവിനെ കീഴ്‌പ്പെടുത്താന്‍ പൊലീസിന് കാര്യമായ ബലപ്രയോഗവും വേണ്ടി വന്നു. അക്രമകാരിയാണെന്ന് വ്യക്തമായിട്ടും വിലങ്ങഴിച്ച നിലയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിരീക്ഷിക്കുന്നതില്‍ അകമ്പടി പൊലീസുകാര്‍ വരുത്തിയ വീഴ്ചയാണ് ഇന്നത്തെ സംഭവത്തിനു കാരണമെന്നാണ് പൊതുവായ വിലയിരുത്തല്‍.

Related posts