അയ്യേ വേണ്ട..! ഗ്രൂപ്പ് പോരിൽ ഐ, എ ഗ്രൂപ്പിനും വേണ്ട; കോൺഗ്രസ് ഗ്രൂപ്പ് പോരിൽ കൊടിക്കുന്നിൽ പുറത്ത്; പുത്തൻ ഗ്രൂപ്പിന്‍റെ പണിപ്പുരയിൽ കൊടിക്കുന്നിൽ സുരേഷ്

kodikunnil-lകൊട്ടാരക്കര: സംഘടനാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജില്ലയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുർച്ഛിക്കുന്നു. എ, ഐ ഗ്രൂപ്പുകൾ തഴഞ്ഞതോടെ പുതിയ ഒരു ഗ്രൂപ്പിന്റെ പണിപ്പുരയിലാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലുള്ള വിഭാഗം.

എ.കെ ആന്റണിയുടെയും വി.എം സുധീരൻറയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ പ്രചാരണം. ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പിന്റെ ഭാഗമായി നില നിന്ന് സ്‌ഥാനമാനങ്ങൾ നേടിയ കൊടിക്കുന്നിൽ കഴിഞ്ഞ കുറേ കാലങ്ങളായി ഗ്രൂപ്പുമായി സ്വരച്ചേർച്ചയില്ലാത്ത നിലപാടിലായിരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പോടെ ഈ അകൽച്ച വർധിച്ചു.

ഉമ്മൻ ചാണ്ടിയുട സ്വന്തം നോമിനിയായ സവിൻ സത്യനായിരുന്നു കൊട്ടാരക്കരയിൽ സ്‌ഥാനാർഥി. കൊടിക്കുന്നിൽ സുരേഷ് ഈ സ്‌ഥാനാർഥിയോട് അപക്വമായി പെരുമാറിയതും വിജയിപ്പിക്കുന്നതിന് കാര്യമായി ഇടപെടാതിരുന്നതും ഗ്രുപ്പിനുളളിലും പാർട്ടിക്കുള്ളിലും വിമർശന വിധേയമായിരുന്നു.

കഴിഞ്ഞ കെ എസ് യു ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് കൊടിക്കുന്നിൽ പൂർണമായും എ ഗ്രൂപ്പിൽ നിന്നും പുറത്തായത്. ഗ്രുപ്പിന്റെ ഔദ്യോഗിക സ്‌ഥാനാർഥിക്കെതിരെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവുമായി ചേർന്ന് സ്‌ഥാനാർഥിയെ നിർത്തുകയും വിജയിപ്പിക്കുകയുമുണ്ടായി.

എ ഗ്രൂപ്പിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. ഇതോടെ കൊടിക്കുന്നിലിനെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എ ഗ്രൂപ്പ് പ്രവർത്തകർ ഗ്രൂപ്പ് നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ ഗ്രൂപ്പ് യോഗങ്ങളിൽ നിന്നെല്ലാം കൊടിക്കുന്നിലിനെ എ വിഭാഗം ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച കൊടിക്കുന്നിൽ വിഭാഗത്തെ ഒഴിവാക്കി കൊട്ടാരക്കരയിൽ നടന്ന എ ഗ്രൂപ്പ് യോഗത്തിലേക്ക് കൊടിക്കുന്നിൽ വിഭാഗത്തിൽ പെട്ടവർ തള്ളിക്കയറിയത് സംഘർഷം സൃഷ്‌ടിച്ചിരുന്നു.

ഇത് ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളെ പ്രകോപിതരാക്കുകയും ചെയ്തു. സംഘടനാ തെരഞ്ഞെടുപ്പിൽ തന്റെ അനുയായികൾക്കു സ്‌ഥാന മാനങ്ങൾ ലഭിക്കണമെന്നു തിരിച്ചറിഞ്ഞതോടെ എ ഗ്രൂപ്പിൽ തിരികെ ക്കയറാൻ കൊടിക്കുന്നിൽ വിഭാഗം പിന്നീട് നടത്തിയ ശ്രമങ്ങളും വിഫലമായിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ ചില വിശ്വസ്തരുമായി ബന്ധപ്പെട്ടാണ് ഈ ശ്രമം നടത്തിയത്. എന്നാൽ കൊട്ടാരക്കര സംഭവത്തോടെ പ്രകോപിതനായ ഉമ്മൻചാണ്ടി ഇത് നിഷ്ക്കരുണം തള്ളുകയായിരുന്നു.

ചില ഇടനിലക്കാർ മൂലം ഐ ഗ്രൂപ്പിൽ കയറിക്കൂടാനും ഇതിനിടയിൽ ശ്രമമുണ്ടായി. ചില ഇടനിലക്കാർ ഈ ആവശ്യത്തിന് രമേശ് ചെന്നിത്തല യേയും സമീപിക്കുകയുണ്ടായി. എന്നാൽ ഐ ഗ്രൂപ്പിന്റെ ജില്ലാ നേതൃത്വവും പ്രാദേശിക നേതൃത്വവും ഇതിനെ ശക്‌തമായി എതിർക്കുകയും രമേശ് ചെന്നിത്തലയെ നേരിട്ടു കണ്ട് വിവരം ധരിപ്പിക്കുകയുമുണ്ടായി. ഇതോടെ ഐ ഗ്രൂപ്പിൽ ചേക്കാറാനുള്ള ശ്രമവും അടഞ്ഞു. എന്നാൽ കൊടിക്കുന്നിലിനൊപ്പമുണ്ടായിരുന്നവരിൽ പലരും ഐ ഗ്രൂപ്പിൽ കടന്നു കൂടുകയും ചെയ്തു.

ഇതോടെയാണ് സ്വന്തം ഗ്രൂപ്പുമായി മുന്നോട്ടു പോകാൻ കൊടിക്കുന്നിൽ വിഭാഗം ശ്രമം തുടങ്ങിയത്. ഇതിനായി ഗ്രൂപ്പ് യോഗം കൊട്ടാരക്കരയിൽ ചേർന്നെങ്കിലും വേണ്ടത്ര വിജയിച്ചില്ല . പാർട്ടി യോഗമെന്ന നിലയിലാണ് ജന പ്രതിനിധികളും പാർട്ടി ഭാരവാഹികളും യോഗത്തിനെത്തിയത്. എ ഗ്രൂപ്പ് നേതാക്കൾക്കെതിരെ കൊടിക്കുന്നിൽ വിമർശനമുയർത്തിയതും കെഎസ്യു തെരഞ്ഞെടുപ്പിലെ പോലെ സംഘടനാ തെരഞ്ഞെടുപ്പിലും എ വിഭാഗത്തെ തറ പറ്റിക്കണമെന്ന ആഹ്വാനമുണ്ടായതും തിരിച്ചടിയായി.

പലരും യോഗത്തിൽ നിന്നു് ഇറങ്ങി പോകുകയും ചെയ്തു. ജില്ലയിൽ എ, ഐ ഗ്രൂപ്പുകളുടെ പ്രവർത്തനം സന്തുലിതാവസ്‌ഥയിലാണ്. സംഘടനാ തെരഞ്ഞെടുപ്പും സമവായത്തിന്റെ പാതയിലേക്ക് നീങ്ങിയേക്കാം. ഇരു വിഭാഗവും തള്ളിപ്പറഞ്ഞതോടെ കൊടിക്കുന്നിലിനൊപ്പം നിൽക്കുന്നവർക്ക് സംഘടനാ തെരഞ്ഞെടുപ്പിൽ വൻനഷ്‌ടം സംഭവിക്കാനാണ് സാധ്യത.

ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞ കൊടിക്കുന്നിലി നോട് എ ഗ്രൂപ്പ് പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വരെ അത് പ്രതിഫലിപ്പിക്കുമെന്ന് അവർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സനൽ സ്റ്റാഫിലുള്ളവരുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യവും ഉയർന്നു കഴിഞ്ഞു. എഐസിസിക്കും വിജിലൻസിലും ചിലർ പരാതികൾ നൽകിക്കഴിഞ്ഞതായാണ് വിവരം. കൊട്ടാരക്കരയിലെങ്കിലും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നം സൃഷ്‌ടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Related posts