പ്രധാനമന്ത്രിക്ക് അഭിമുഖം നടത്തിയ അതേ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി! ചോദ്യങ്ങള്‍ക്ക് കിറുകൃത്യം ഉത്തരം; അടുത്ത പ്രധാനമന്ത്രിയെ മനസിലായെന്ന് പ്രേക്ഷകരും

പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂസ് നാഷന്‍സ് ചാനലിന് നല്‍കിയ അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതില്‍ കാര്‍മേഘങ്ങളെക്കുറിച്ചും റഡാറുകളെക്കുറിച്ചും ഡിജിറ്റല്‍ കാമറയെക്കുറിച്ചുമെല്ലാം മോദി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പരിഹാസത്തിന് വിധേയമായി. വിദേശികള്‍ പോലും ആ വാര്‍ത്തയെക്കുറിച്ച് വിവിദ അന്വേഷണങ്ങള്‍ നടത്തുകയുണ്ടായി.

എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതേ ന്യൂസ് ചാനലിന് നര്‍കിയ അഭിമുഖമാണിപ്പോള്‍ രാഹുലിന്റെ വിരോധികള്‍ പോലും ഏറ്റെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഭിമുഖം നടത്തിയ ദീപക് ചൗരസ്യയും മറ്റൊരു മാധ്യമപ്രവര്‍ത്തകനുമായിരുന്നു രാഹുലുമായി അഭിമുഖം നടത്തിയത്.

പ്രധാനമന്ത്രിയായ നരേന്ദ്രമോദിയോട് കവിതയെഴുതാറുണ്ടോ, പഴ്സില്‍ പണം സൂക്ഷിക്കാറുണ്ടോ തുടങ്ങിയ അപ്രധാന ചോദ്യങ്ങളാണ് ചൗരസ്യ ചോദിച്ചതെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ രാഹുലിനോട് രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ തന്നെയാണ് അദ്ദേഹം ചോദിച്ചത്.

ജി.എസ്.ടി, അഴിമതി, നോട്ടുനിരോധനം, റഫാല്‍ കരാര്‍, അടിയന്തരാവസ്ഥ, 1984ലെ സിഖ് വിരുദ്ധ കലാപം തുടങ്ങിയ വിഷയങ്ങളിലായിരുന്നു രാഹുല്‍ ഗാന്ധിയോട് പ്രതികരണം തേടിയത്.

‘രാജ്യത്തിന്റെ ചിന്താധാരയെ മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നു, രാജ്യത്തിന് പുതിയ വഴികാട്ടാന്‍ ആഗ്രഹിക്കുന്നു. അത് ഏത് തരത്തിലുള്ളതായിരിക്കും?’ എന്നായിരുന്നു രാഹുലിനോടുള്ള ആദ്യ ചോദ്യം.

‘ഇല്ല, ഞാന്‍ രാജ്യത്തിന്റെ ചിന്താധാരയെ മാറ്റിമറക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ ചിന്താധാരയോട് ചേര്‍ന്ന് നിന്നുകൊണ്ട് ഭരണം നടത്താനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി. സ്നേഹത്തിലും സാഹോദര്യത്തിലും നീതിയിലും അധിഷ്ഠിതമാണ് രാജ്യത്തിന്റെ ചിന്താധാര. അതിനോട് ചേര്‍ന്ന് നില്‍ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷം മോദി സര്‍ക്കാര്‍ ഭരണം നടത്തി. ആരോടും ഒന്നും ചോദിച്ചില്ല. നോട്ടു നിരോധനം കൊണ്ടുവന്നു, ഗബ്ബാര്‍ സിങ് ടാക്സ് കൊണ്ടുവന്നു. ആരോടും ചോദിച്ചില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു നിരോധിച്ചത് സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്തു. ആരോടും ചോദിച്ചില്ല.

ഇന്ത്യയില്‍ പല ഇന്‍സ്റ്റിറ്റിയുഷനുകളുമുണ്ട്. ധനമന്ത്രി, ധനകാര്യ മന്ത്രാലയം, ഒന്നിനോടും ചോദിച്ചില്ല. ആര്‍.ബി.ഐ ഗവര്‍ണറോടു പോലും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പറയാനുള്ളതുകൂടി കേട്ടിട്ട് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ‘ എന്നായിരുന്നു രാഹുലിന്റെ മറുപടി.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ആര്‍.ബി.ഐയെ മറികടന്നിട്ടില്ല. കോണ്‍ഗ്രസ് ഭരണത്തിനിടെ ഒരിക്കലും സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് പുറത്തുവന്നത് തങ്ങള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാനാവുന്നില്ലയെന്നു പറയേണ്ടി വന്നിട്ടില്ല.’ എന്നും രാഹുല്‍ വിശദീകരിച്ചു.

ഇതിനു പിന്നാലെ നോട്ടുനിരോധനം, ജി.എസ്.ടി വിഷയങ്ങളില്‍ മോദിയെ പ്രതിരോധിച്ചുകൊണ്ട് ചൗരസ്യ സംസാരിച്ചു.

ചൗരസ്യ : ‘ ഞങ്ങള്‍ ആ ചോദ്യം മോദിജിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നോട്ടുനിരോധനത്തിനുശേഷം യു.പിയില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു, നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ അവിടെ ജയിച്ചു. ജി.എസ്.ടിയ്ക്കുശേഷം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സൂറത്തില്‍ ജി.എസ്.ടിയ്ക്കെതിരെ വലിയ തോതില്‍ പ്രചരണമുണ്ടായി. എന്നിട്ടും സൂറത്തില്‍ ഒരുപാട് സീറ്റ് ഞങ്ങള്‍ വിജയിച്ചു. ഇപ്പൊ നടക്കുന്നത് അഞ്ച് വര്‍ഷത്തെ ഞങ്ങളുടെ ഭരണത്തിലുള്ള തെരഞ്ഞെടുപ്പാണ് ‘ എന്നാണ്.

രാഹുല്‍ : ‘ ഈ ഉത്തരമില്ലേ? അത് പ്രധാനമന്ത്രിയുടെ നോട്ട് ഷീറ്റില്‍, ആ കയ്യിലുണ്ടായിരുന്ന കടലാസില്ലേ? അതില്‍ എഴുതിയിട്ടുണ്ടായിരുന്നോ ഇല്ലായിരുന്നോ? ‘

ചൗരസ്യ : ‘ ഇല്ല, ആ നോട്ടില്‍ കവിതയായിരുന്നു എഴുതിയിരുന്നത് ‘

രാഹുല്‍ : ‘ ആ നോട്ട് ഷീറ്റില്‍ കവിതയുണ്ടായിരുന്നല്ലോ, അതിന്റെ കൂടെ ചോദ്യങ്ങളുമുണ്ടായിരുന്നു, ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ എല്ലാം കണ്ടതല്ലേ… ഈ ഉത്തരം നോട്ട് ഷീറ്റിലുണ്ടായിരുന്നോ അതോ ഓര്‍മയില്‍ നിന്നാണോ?’എന്ന് ചോദിച്ച് രാഹുല്‍ ഗാന്ധി പരിഹസിക്കുകയും ചെയ്തു.

പിന്നീട് രാഹുല്‍ ഗാന്ധി ചൗരസ്യയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയും നല്‍കുന്നുണ്ട്. ‘സത്യം ഇതാണ്, രാജ്യം തൊഴിലില്ലായ്മയെക്കുറിച്ചും കര്‍ഷകരുടെ അവസ്ഥയെക്കുറിച്ചും നോട്ടുനിരോധനനമുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുമാണ് രാജ്യത്തെ ജനങ്ങള്‍ സംസാരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അതില്‍ നിന്ന് വ്യക്തവുമാണ്.’

ഇതോടെ ന്യൂസ് നാഷനിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട താങ്കളുടെ ആരോപണം ശരിയല്ലെന്ന് ചൗരസ്യ രാഹുലിനോട് വിശദീകരിക്കുന്നു. ‘ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് മോശമെന്ന് തോന്നുന്നുവെങ്കില്‍ ഈ ഭാഗം എഡിറ്റ് ചെയ്തോളൂ. ഞാന്‍ അനുവാദം തന്നിരിക്കുന്നു’ എന്ന് രാഹുല്‍ മറുപടി നല്‍കുന്നു. ‘ഒരിക്കലും ചെയ്യില്ല’ എന്ന് ചൗരസ്യ മറുപടി നല്‍കുന്നു.

പിന്നീട് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യമാണ് ചോദിക്കുന്നത്. ‘ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് അവര്‍ക്കു തന്നെ തോന്നിയിട്ടുണ്ട്. ഞാനും അത് ഇവിടെ പറയുന്നു, അടിയന്തരാവസ്ഥ തെറ്റാണ്’ എന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുമായി ബന്ധപ്പെട്ട മോദിയുടെ ആരോപണത്തെക്കുറിച്ചും ന്യൂസ് നാഷന്‍ ചോദിക്കുന്നുണ്ട്. പ്രകടന പത്രികയില്‍ ഒരിക്കലും നടപ്പില്‍ വരുത്താനാവാത്ത കാര്യങ്ങളാണുള്ളതെന്നും നടക്കാത്ത സ്വപ്നങ്ങള്‍ കാട്ടി ജനങ്ങളെ വിഡ്ഢിയാക്കുകയാണ് കോണ്‍ഗ്രസെന്നുമാണ് മോദി ആരോപിക്കുന്നതെന്നായിരുന്നു ചോദ്യം.

പ്രകടന പത്രിക ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഇതിനു മറുപടി നല്‍കുന്നത്. പ്രകടന പത്രികയുടെ കവര്‍ പേജ് കാട്ടി അദ്ദേഹം പറയുന്നു, ‘ഇതില്‍ തന്റെ ചിത്രവും കോണ്‍ഗ്രസിന്റെ ചിഹ്നവും വളരെ ചെറുതാണ്. ജനങ്ങളാണ് ഭൂരിഭാഗവും. നരേന്ദ്രമോദിജിയുടെ പ്രകടന പത്രികയില്‍ മുഴുവനും മോദിയുടെ മുഖം നിറഞ്ഞു നില്‍ക്കുകയാണ്. ഈ ഫിലോസഫിയാണ്.’

ഇതിലുള്ളതെല്ലാം ജനങ്ങളോട് ചോദിച്ചശേഷം അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു തയ്യാറാക്കിയതാണെന്നും രാഹുല്‍ മറുപടി നല്‍കുന്നു.

Related posts