Set us Home Page

പ്രതിപക്ഷത്തെ അഴിമതിക്കാരോട് രാഹുലിന് വിധേയത്വമോ? ശാരദ അഴിമതിയില്‍ കുളിച്ച മമതയെ പിന്തുണച്ചു, ഇപ്പോള്‍ ചന്ദ്രബാബുവിനൊപ്പവും, രാഹുലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം കോണ്‍ഗ്രസിന് തലവേദനയാകുമോ? സമ്പൂര്‍ണ വിശകലനം

എം.ജി. എസ്

രാഷ്ട്രീയത്തിന് അതീതമായി പ്രതിപക്ഷത്തെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല ബന്ധമാണുള്ളത്. ഒരുകാലത്ത് സ്ഥിരം വിമര്‍ശകരായിരുന്ന സിപിഎം നേതാക്കള്‍ പോലും അങ്ങ് ഡെല്‍ഹിയില്‍ രാഹുലിന്റെ നല്ല സുഹൃത്തുക്കളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, തെലുങ്കുദേശം പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡു, യുപിയില്‍ അഖിലേഷ് യാദവ്, ബിഹാറില്‍ തേജസ്വിനി യാദവ് എന്നിവരെല്ലാം ഇതേ ലൈനില്‍ രാഹുലുമായി അടുത്ത് നില്ക്കുന്നവരാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ അഴിമതിയുടെ കറ പുരണ്ട ഈ കൂട്ടുകെട്ടുകള്‍ രാഹുലിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പില്‍ തിരിച്ചടി സമ്മാനിക്കുമോ?

മമതയുടെ കൈകള്‍ ശുദ്ധമല്ല

ബംഗാളില്‍ ശാരദ ചിട്ടിത്തട്ടിപ്പില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയും അടുത്ത ബന്ധുക്കളും ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ പരിധിക്കുള്ളിലാണ്. ബംഗാളിലെ 30 ശതമാനം കുടുംബങ്ങളെയും ബാധിച്ചതാണ് ശാരദ തട്ടിപ്പ്. ചിട്ടിയിലൂടെ പണം നഷ്ടപ്പെട്ടവര്‍ ബംഗാളില്‍ നിരവധിയാണ്. തൃണമൂലിന്റെ ഉന്നത നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങളാണ് കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ അറസ്റ്റ് നാടകത്തിലേക്കും പിന്നാലെ മമതയുടെ പരസ്യ സത്യാഗ്രഹത്തിലേക്കും നീങ്ങിയത്.

ബംഗാളില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മമതയ്ക്ക് ഈ ഘട്ടത്തില്‍ അകമഴിഞ്ഞ പിന്തുണ നല്കുകയാണ് രാഹുല്‍ ചെയ്തത്. ബംഗാള്‍ കോണ്‍ഗ്രസ് മമത സര്‍ക്കാരിനെതിരേ പ്രചാരണവുമായി മുന്നോട്ടു പോകുമ്പോള്‍ രാഹുലിന്റെ നീക്കം നേതാക്കളില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മോദിക്കെതിരേ കിട്ടുന്ന വടികളെല്ലാം ഉപയോഗിക്കുകയെന്ന തന്ത്രമാണ് രാഹുലിന്റേത്. ബംഗാളില്‍ മമതയെ പിന്തുണച്ചതും അതുകൊണ്ട് തന്നെ.

ഈ നീക്കം കോണ്‍ഗ്രസിന് ബംഗാളില്‍ ഗുണം ചെയ്യുമോ? മമതയെ എതിര്‍ക്കേണ്ടതിന് പകരം അവരെ പിന്തുണച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മമത സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ റോള്‍ ചെയ്യേണ്ട കോണ്‍ഗ്രസ് സഖ്യകക്ഷിയെ പോലെ പെരുമാറുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കാകും കൂടുതല്‍ ഗുണംചെയ്യുക. മമതയും കോണ്‍ഗ്രസും ഒപ്പം സിപിഎമ്മും ഒറ്റക്കെട്ടാണെന്ന് വാദിക്കാന്‍ ഇതുവഴി ബിജെപിക്ക് സാധിക്കും.

യുപിയില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടി ബംഗാളില്‍ നികത്താനുള്ള അമിത് ഷായുടെ നീക്കങ്ങള്‍ക്ക് രാഹുലിന്റെ മമത സ്‌നേഹം വഴിവയ്ക്കും. മമതയ്ക്ക് എതിര് ബിജെപി മാത്രം എന്നനിലയിലേക്ക് ബംഗാളില്‍ ബിജെപി മുന്നേറിക്കഴിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ രണ്ടാംസ്ഥാനത്ത് ബിജെപിയാണ് എത്തിയത്.

ആന്ധ്രയിലെ കൂട്ട് ദോഷം ചെയ്യും

ആന്ധ്രപ്രദേശില്‍ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്കും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കനത്ത തിരിച്ചടിയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവചിക്കുന്നത്. എങ്ങനെയെങ്കിലും ജനപ്രീതി നേടുകയെന്ന ലക്ഷ്യം വച്ചാണ് നായിഡു പ്രത്യേക സംസ്ഥാന പദവിക്കായി ഇന്ദ്രപ്രസ്ഥത്തില്‍ ഉപവാസം തുടങ്ങിയത്. ഇവിടെയും പോയി തലവച്ചു കൊടുത്തിരിക്കുകയാണ് രാഹുല്‍. ഒരുകാലത്ത് ആന്ധ്രയില്‍ കോണ്‍ഗ്രസ് സര്‍വാധിപത്യമായിരുന്നു. വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മരണത്തോടെ പാളയത്തിലെ പടയും തലയെടുപ്പില്ലാത്ത നേതാവിന്റെ അഭാവവും കോണ്‍ഗ്രസിനെ തളര്‍ത്തിക്കളഞ്ഞു. ഇപ്പോള്‍ തനിച്ച് നിന്നാല്‍ രണ്ടക്കം തികയ്ക്കാന്‍ ബുദ്ധിമുട്ടും കോണ്‍ഗ്രസ്.

തെലുങ്കുദേശത്തിന് ബദലായി വൈഎസ്ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി വളര്‍ന്നു കൊണ്ടിരിക്കുന്നു. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ജഗന്‍ സീറ്റുകള്‍ വാരിക്കൂട്ടുമെന്നാണ് പല അഭിപ്രായ സര്‍വേകളും അടിവരയിടുന്നത്. ഇവിടെയാണ് ചന്ദ്രബാബുവിനെ തുണച്ച് ഭരണവിരുദ്ധ തരംഗത്തിന്റെ പങ്കുപറ്റാന്‍ രാഹുല്‍ ഒരുങ്ങുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ട തെലുങ്കുദേശവുമായുള്ള അകന്ന ബന്ധം പോലും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നുറപ്പ്. എന്നിട്ടും രാഹുല്‍ സൗഹൃദങ്ങളില്‍ പ്രായോഗിക രാഷ്ട്രീയത്തെ മുക്കിക്കളയുന്നുവെന്ന പരാതി കോണ്‍ഗ്രസുകാര്‍ക്കിടയില്‍ രഹസ്യമായെങ്കിലുമുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS