രാക്ഷസ രാജാവ് എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു. ദാദാ സാഹിബ് റിലീസ് കഴിയുന്നതിനു മുൻപു തന്നെ കരുമാടിക്കുട്ടൻ എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു.
അതിനിടയിലാണ് മമ്മൂക്കയുടെ നിർദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്. ഉടനെ സ്റ്റാർട്ട് ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മൂക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു. സർഗം കബീർ അടുത്ത ചിത്രവും നിർമിക്കാൻ റെഡിയായി നിന്നു.
കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞുവന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊള്ളാം പ്രൊസീഡു ചെയ്തോളു എന്ന് മമ്മൂക്ക പറഞ്ഞു.
ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലായിരുന്നു. രാമനാഥൻ ഐപിഎസ് എന്ന മമ്മൂക്കയുടെ കഥാപാത്രം അന്നു കൈയടി നേടിയിരുന്നു. ഷൂട്ടിംഗിനു മുന്പു തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷൂട്ടിംഗ് തീർത്തു. -വിനയൻ
