സിനിമാ ലോകവും ഒപ്പം ആരാധകരും ഒരുപോലെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ആഡംബര ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
മാധ്യമങ്ങള്‍ക്കു പ്രവേശനമില്ലാതിരുന്ന ചടങ്ങില്‍ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 26ന് രാവിലെ മുതല്‍ നടക്കുന്ന വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നവദമ്പതികള്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
‘ഞാനിതാ എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. മിസ്റ്റർ വിജയ് ദേവ്രകൊണ്ട. എന്താണ് യഥാർഥ സ്നേഹമെന്ന് എന്നെ പഠിപ്പിച്ച പുരുഷൻ. സമാധാനത്തിലായിരിക്കുക എന്നത് എങ്ങനെയെന്ന് എന്നെ കാണിച്ചുതന്നയാൾ. വലിയ സ്വപ്നങ്ങൾ കാണുന്നതിൽ കുഴപ്പമില്ലെന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നതിലുമധികം നേട്ടങ്ങളുണ്ടാക്കാനുള്ള കഴിവെനിക്കുണ്ടെന്നും എല്ലാ ദിവസവും പറഞ്ഞുതന്നയാൾ. ഡാൻസ് ചെയ്യുമ്പോൾ എന്നെ ഒരിക്കലും തടയാതിരുന്ന പുരുഷൻ. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ചുതന്നയാൾ. എന്നെ വിശ്വസിക്കൂ, ഇദ്ദേഹത്തെക്കുറിച്ച് എനിക്കൊരു പുസ്തകം എഴുതാം.
ഞാൻ സ്വപ്നം കണ്ട സ്ത്രീയായി ഞാനിന്ന് മാറിയിരിക്കുന്നു. കാരണം നീയാണ് അവളെ ഇങ്ങനെയാക്കിയത്. ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടയാളാണ്. വിജു, നിന്നോടെനിക്കുള്ള വൈകാരികത വിശദീകരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ മതിയാവില്ല. പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങളും സ്ട്രഗിൾസും സന്തോഷവും ദുഃഖവും ആനന്ദവും ജീവിതവും ഇന്ന് ഒരുപാട് അർഥവത്താകുന്നു. കാരണം എനിക്ക് നീയുണ്ട്. എല്ലാത്തിനും നീ സാക്ഷിയാണ്. എല്ലാത്തിലെയും വലിയ ഘടകവും. നിന്റെ ഭാര്യയാകുന്നതിൽ ഞാൻ വളരെയധികം ആവേശഭരിതയാണ്. നിന്റെ ഭാര്യയെന്ന് വിളിക്കപ്പെടുന്നതിൽ. ഇനി പാർട്ടിക്കുള്ള സമയമാണ്. നമുക്കൊരുമിച്ച് ഏറ്റവും നല്ല ജീവിതം ജീവിക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു’- രശ്മിക മന്ദാന കുറിച്ചു.
തന്റെ ഉറ്റ സുഹൃത്തിനെ ജീവിതപങ്കാളിയാക്കിയതിന്റെ സന്തോഷം വിജയ്യും പങ്കുവച്ചു. തന്റെ ദിവസം പൂര്ണമാകാന് രശ്മികയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് വിജയ് വികാരാധീനനായി കുറിച്ചത്.
വിജയ്യുടെ തെലുങ്ക് പാരമ്പര്യവും രശ്മികയുടെ കൂര്‍ഗ് പൈതൃകവും ഒത്തുചേര്‍ന്ന മനോഹരമായ ചടങ്ങുകളിലാണ് ഇരുവരും വിവാഹിതരായത്. സാധാരണ ഹിന്ദു വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പൂര്‍വികര്‍ക്കും കുടുംബാംഗങ്ങളുടെ അനുഗ്രഹത്തിനും പ്രാധാന്യം നല്കുന്ന കൊടവ ആചാരങ്ങള്‍ വിവാഹത്തിന് മാറ്റുകൂട്ടി. സൈനിക പാരമ്പര്യത്തിന് പേരുകേട്ട കൊടവ സമൂഹത്തിന്റെ വേറിട്ട സംസ്കാരം വിവാഹച്ചടങ്ങുകളില്‍ പ്രതിഫലിച്ചു.
