ഇനി കറങ്ങുന്ന കാഴ്ചകള്‍ കാണാം! ദുബായ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി; വരുന്നൂ കറങ്ങും ടവര്‍; യാഥാര്‍ത്ഥമാകുന്നത് 2020ല്‍

r6u46uഏറ്റവും ഉയരം കൂടിയത്, ഏറ്റവും ചെലവേറിയത് തുടങ്ങി വ്യത്യസ്തമായ വിശേഷണങ്ങളുള്ള ധാരാളം ടവറുകളും കെട്ടിടങ്ങളും ലോകത്തിന്റെ വിവധ ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന ടവര്‍ ദുബായില്‍ വരുന്നു. ‘ഡൈനാമിക് ടവര്‍’ എന്ന പേരിലാണ് ദുബായില്‍ കറങ്ങുന്ന കെട്ടിടം വരുന്നത്. ഇസ്രായേലി-ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ഡോ.ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2008 ല്‍ ഡേവിഡ് നല്‍കിയ 420 മീറ്ററും 80 നിലകളുള്ള ഈ കെട്ടിടത്തിന്റെ രൂപഘടനയ്ക്ക് ഒടുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു.

കെട്ടിടത്തിന്റെ ഓരോ നിലയും സ്വതന്ത്രമായി തിരിയുന്നവയായിരിക്കും. 420 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ അപ്പാര്‍ട്ട്‌മെന്റുകള്‍ 360 ഡിഗ്രിയില്‍ കറങ്ങും. കെട്ടിടത്തിന്റെ ആദ്യത്തെ 20 നിലകള്‍ റീട്ടെയ്ല്‍ ഷോപ്പുകളും പിന്നീടുള്ള 15 നിലകള്‍ ഹോട്ടലുകളും ബാക്കിയുള്ളവ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളുമായിരിക്കും. കാലാവസ്ഥാ വ്യതിയാനവും താപനിലയും തിരിച്ചറിയാന്‍ കഴിയുന്ന കെട്ടിടമായിരിക്കും ഇതെന്നും കെട്ടിടത്തിനുള്ളിലെ താപനില സ്വയം മാറിക്കൊണ്ടിരിക്കുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

ഈ കെട്ടിടം സ്വന്തമായി വൈദ്യുതിയും ഉത്പാദിപ്പിക്കും. ഓരോ നിലകള്‍ക്ക് താഴെയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ 79 ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും. ഒരോ അപ്പാര്‍ട്ട്‌മെന്റിനും 30 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ക്രീറ്റ് സ്ട്രക്ചറിലേക്ക് ഓരോ നിലകളുടേയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരിക്കും നിര്‍മാണം. അംഗീകാരം ലഭിച്ച സ്ഥിതിക്ക് 2020 ഓടെ കെട്ടിടം യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. ഒരുപാട് ലോക റെക്കോര്‍ഡുകളുള്ള ദുബായ്‌യുടെ കിരീടത്തിലേയ്ക്ക് മറ്റൊരു പൊന്‍തൂവലുകൂടി ഇതോടെ തുന്നിചേര്‍ക്കപ്പെടും.

Related posts