പത്താം നമ്പര്‍ സ്വീകരിക്കാന്‍ സച്ചിന്റെ ആരാധകരെ ഭയന്ന് താരങ്ങള്‍ മടിക്കുന്നു! സച്ചിന് പിന്നാലെ പത്താം നമ്പര്‍ ജേഴ്‌സിയും അരങ്ങൊഴിയുന്നു; വിശ്വപ്രസിദ്ധമായ ആ ജേഴ്‌സി നമ്പര്‍ ബിസിസിഐ പിന്‍വലിക്കാനുള്ള കാരണങ്ങള്‍ പലത്

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ബന്ധപ്പെട്ട എന്തും റെക്കോര്‍ഡിന്റെയോ ചരിത്രത്തിന്റെയോ ഭാഗമാവുന്നത്, നാളുകളായി നാം കണ്ടുവരുന്നതാണ്. ഇപ്പോഴിതാ  അദ്ദേഹത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്‌സി ബിസിസിഐ അനൗദ്യോഗികമായി വിരമിക്കലിന് വിധേയമാക്കാനൊരുങ്ങുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അനശ്വരമാക്കിയ പത്താം നമ്പര്‍ ജഴ്സി ബിസിസിഐ ഇന്ത്യന്‍ ടീമില്‍ നിന്നും എടുത്തുമാറ്റുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അംഗീകാരം തേടിയ ബിസിസിഐ ഐസിസിയുടെ അനുമതി കിട്ടിയില്ലെങ്കിലും സാങ്കേതികമായി പത്താം നമ്പര്‍ ഇനി ഒരു കളിക്കാരനും നല്‍കേണ്ടതില്ല എന്ന തീരുമാനം എടുത്തിരിക്കുന്നതായിട്ടാണ് വിവരം.

ക്രിക്കറ്റില്‍ അനേകം ബാറ്റിംഗ് റെക്കോഡുകള്‍ പേരിലുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പത്താം നമ്പര്‍ ജഴ്സിയിലാണ് റെക്കോര്‍ഡുകളുടെ തോഴനായി വിരാചിച്ചത്. എന്നാല്‍ ഏതാനും മാസം മുമ്പ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടയില്‍ മുംബൈ പേസ് ബൗളറായ ഷര്‍ദൂല്‍ താക്കൂര്‍ പത്താം നമ്പര്‍ ജഴ്സിയണിഞ്ഞ് കളത്തില്‍ എത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായി. പുറത്ത് പത്താം നമ്പര്‍ അണിഞ്ഞ് ഷര്‍ദൂലും ബിസിസിഐ യും ഒരു പോലെ ആരാധകരുടെ അസന്തുഷ്ടിക്ക് കാരണമാകുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ഇതോടെ പത്താം നമ്പര്‍ ജഴ്സി പിന്‍വലിക്കുന്ന കാര്യത്തില്‍ ബിസിസിഐ നിലവിലെ ഇന്ത്യന്‍ ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഐസിസിയുടെ മാര്‍ഗ്ഗരേഖ അനുസരിച്ച് ഒരു നമ്പര്‍ പിന്‍വലിക്കാന്‍ ഒരു ക്രിക്കറ്റ് ബോര്‍ഡിനെയും അനുവദിക്കില്ല. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കാര്‍ ആരും തന്നെ പത്താം നമ്പര്‍ ജഴ്സി അണിയാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഈ നമ്പര്‍ പിന്‍ വലിക്കുകയാണെന്ന് ഐസിസിയെ അറിയിക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണ്.

ക്രിക്കറ്റില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനാവില്ലെന്ന് സച്ചിന്‍ പറഞ്ഞ് പോലെ സച്ചിനില്ലാത്ത പത്താം നമ്പര്‍ ജെഴ്‌സി ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് ഈ മഹാപ്രതിഭയോടുള്ള ആദര സൂചകമായി പത്താം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നതും. നേരത്തെ സച്ചിന്‍ ഏകദിതനത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. അതിന് നല്ല പിന്തുണയും കിട്ടി. ഐപിഎല്ലില്‍ നിന്ന് സച്ചിന്‍ വിരമിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് പത്താം നമ്പര്‍ ജെഴ്‌സി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനമുണ്ടായിരിക്കുന്നത്.

 

Related posts