ആ രംഗം ഹിറ്റാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു! അഭിനയവും, സ്വഭാവവും ടൊവിനോയില്‍ നിന്ന് ധാരാളം പഠിക്കാനുണ്ട്; തീവണ്ടി നായിക സംയുക്ത മേനോന്‍ പറയുന്നതിങ്ങനെ

പ്രളയത്തെ അതിജീവിച്ചെത്തിയ മലയാളിയ്ക്ക് മനസ് ശാന്തമാക്കാനായി ആദ്യം പുറത്തിറങ്ങിയ ചിത്രമാണ്, ടൊവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തീവണ്ടി എന്ന ചിത്രം. കേരളക്കരയൊന്നാകെ, കുടുംബപ്രേക്ഷകരടക്കം ഏറ്റെടുത്തിരിക്കുകയാണ് മികച്ച സന്ദേശവും ഉള്‍ക്കൊള്ളുന്ന തീവണ്ടി.

പുതുമുഖമെന്ന ആനുകൂല്യം ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന അഭിനയമാണ് നായിക സംയുക്ത ചിത്രത്തില്‍ നടത്തിയിരിക്കുന്നതെന്നാണ് ചിത്രം കണ്ടവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ചിത്രം മികച്ചതായതിന്റെ ക്രെഡിറ്റ് മുഴുവന്‍ തനിക്കവകാശപ്പെട്ടതല്ലെന്നും തന്നെ ഈ വിധത്തില്‍ അഭിനയിക്കാന്‍ പ്രാപ്തയാക്കിയതിന്റെ ക്രെഡിറ്റ് നായകന്‍ ടൊവിനോയ്ക്കു കൂടി അവകാശപ്പെട്ടതാണെന്നുമാണ് സംയുക്ത പറയുന്നത്. ചിത്രത്തിലെ വൈറലായ ചില സീനുകളെക്കുറിച്ച് സംയുക്ത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. സംയുക്തയുടെ വാക്കുകളിങ്ങനെ…

‘വെറുതെ വന്ന ഒരു സ്വീക്വന്‍സല്ല അതിലൊന്നും. അതു കൊണ്ടാണ് പ്രേക്ഷകര്‍ അത് ഏറ്റെടുത്തതും. വലിയൊരു അര്‍ത്ഥമുള്ള സീന്‍ കൂടിയാണ് അവസാനത്തേത്. ചുംബനം നിര്‍ത്തിയതിന്റെ കാരണം ബിനീഷ് എന്ന കഥാപാത്രത്തിന് സിഗരറ്റിനോടാണ് കൂടുതല്‍ താല്‍പര്യം എന്നത് കൊണ്ടാണ്. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു ഈ രംഗം ഹിറ്റാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന്.

പിന്നെ ഒരു കിടിലന്‍ ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് ഇതെന്ന് കൂടി ചിന്തിക്കണം. ബാക്കിയുള്ള എല്ലാ ലഹരിക്കും, സിഗരറ്റാകട്ടെ മദ്യമാകട്ടെ അവയ്ക്കെല്ലാം മുകളിലാണ് സ്നേഹമെന്ന വികാരം എന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തിലാണ് സ്വീകരിച്ചത്.ഞാന്‍ തന്നെ അതിശയിച്ചു പോയി കാരണം ആദ്യം എനിക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഭൂരിപക്ഷം ആളുകളും പറയുന്നത് ക്ലൈമാക്സ് രംഗം പൊളിച്ചുവെന്നാണ്. ഒരു നടിയെന്ന നിലയ്ക്ക് വളരെ മനോഹരമായ ഒരു സന്ദേശം എനിക്ക് സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്. ട്രോളുകള്‍ കാണുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്.

ഞാന്‍ ജോയിന്‍ ചെയ്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ് ആദ്യമായിട്ട് ആ രംഗം എടുക്കുന്നത്. ഞാന്‍ ടൊവീനോയെ തല്ലാന്‍ കൈയെടുക്കുമ്പോള്‍ ചെറുതായി തല തിരിച്ചാല്‍ കൂടി ഫെല്ലിനി അത് സമ്മതിക്കില്ല. വീണ്ടും എടുക്കാമെന്ന് പറയും. മാത്രമല്ല വളരെ നാച്ചുറലായിട്ട് നല്ല ശക്തിയില്‍ തന്നെ അടിക്കണമെന്നും ഭാവം മുഖത്തു വരണമെന്നുമൊക്കെ ഫെല്ലിനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ആദ്യത്തെ തല്ലിന് മൂന്നോ നാലോ റീടേക്ക് പോയിട്ടുണ്ട്. രണ്ടാമത്തേതും അങ്ങിനെ തന്നെ. റീടേക്ക് പോകുന്ന സമയത്ത് വലിയ ബുദ്ധിമുട്ടാണ്. അടിക്കുന്നയാള്‍ക്ക് പ്രയാസമൊന്നുമില്ല. കൊള്ളുന്നയാള്‍ക്കല്ലേ പ്രയാസം. 13 ,14 പ്രാവശ്യം ശരിക്കും അടിച്ചിട്ടുണ്ട്. പാവം ടൊവീനോ

ഭീകര ആക്ടറാണ് ടൊവീനോ. എന്ത് റിസ്‌കി ഷോട്ടാണെങ്കിലും തിരിച്ചൊന്നും പറയില്ല. തുരുത്തിനകത്തുള്ള ഒരു പാട്ടുസീനില്‍ ഇവര്‍ രണ്ട് മരത്തടി കെട്ടിവെച്ച് അതിന് മുകളിലൂടെ ഓടുന്ന ഒരു രംഗമുണ്ട്. ഒരാളെ തല്ലാനായിട്ട് ഓടിക്കുന്ന സീനാണ്. നടക്കാന്‍ പോലും വലിയ പാടായ ആ മരത്തടിക്ക് മുകളിലൂടെ ടൊവി നിസ്സാരമായി ഓടിക്കയറി.

ഒരു ചതുപ്പും തോടുമൊക്കെ ചേര്‍ന്ന സ്ഥലമാണത്. അതിന് മുകളില്‍ കൂടി മെല്ലെ നടക്കാന്‍ പോലും പേടിയാകും. ആ കഥാപാത്രമായി അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ അങ്ങിനെയാണ്. അതു പോലെ ഒരു പാട് സ്വീക്വന്‍സുകളുണ്ട് ആ സിനിമയില്‍. തുടക്കക്കാരി എന്ന നിലയില്‍ ടൊവീനോയില്‍ നിന്ന് പഠിക്കാനേറെയുണ്ട്. അഭിനയത്തില്‍ മാത്രമല്ല സ്വഭാവത്തിലും.

Related posts