സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയെരിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് ? വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതും അതേ ദൃശ്യങ്ങള്‍ തന്നെ;ആശ്രമം കത്തുന്നതു കണ്ട് ഓടിയെത്തിയ ദമ്പതികള്‍ കണ്ടത് ഒരാള്‍ തനിയെ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമങ്ങള്‍ കത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറാമാനെ തേടി പോലീസ്.പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്. .ഇയാളുടെ രേഖാചിത്രം പ്രത്യേകാന്വേഷണസംഘം തയാറാക്കിയെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍, സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന കാമറാമാന്റെ രേഖാചിത്രമാണ്, ഇയാളെ ആദ്യം കണ്ട ദമ്പതികളുടെ സഹായത്തോടെ, പോലീസ് തയാറാക്കിയത്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്, കഴിഞ്ഞ ഒക്ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്നിക്കിരയായത്. സംഭവം നടന്ന് 100 ദിവസത്തിലേറെയായെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെ, അന്നു നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന കാമറാമാനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശ്രമത്തതിനു തീപിടിക്കുന്നതു കണ്ട് ദമ്പതികള്‍ ഓടിയെത്തുമ്പോള്‍ ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത കാഴ്ചയാണ് കണ്ടത്. ഏതെങ്കിലും ടി.വി. ചാനല്‍ കാമറാമാനാണെന്നാണ് അവരും പിന്നീടെത്തിയവരും കരുതിയത്. തീ പടരുമ്പോഴും അണയ്ക്കുമ്പോഴുമെല്ലാം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നെന്നു ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ടു വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തത് ഏറെക്കുറെ ഒരേ ദൃശ്യങ്ങളായിരുന്നുവെന്നതും ദുരൂഹമാണ്.

ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഈ കാമറാമാന്റെ രേഖാചിത്രം തയാറാക്കി അന്വേഷിക്കുകയാണിപ്പോള്‍ പോലീസ്. സംഭവത്തേക്കുറിച്ച് ഇയാള്‍ക്കു മുന്‍കൂട്ടി വിവരം ലഭിച്ചിരിക്കാമെന്നും പോലീസ് പറയുന്നു. എന്നാല്‍, സമീപത്തെ സിസിടിവി ക്യാമറകളിലൊന്നും ഇയാളുടെ മുഖം പതിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരുന്നു. പിന്നീട് ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയി. പിന്നാലെ അവധിയുമെടുത്തു. സംഭവത്തിന്റെ സുപ്രധാന സാക്ഷിയായ ഇയാളെ കിട്ടിയാല്‍ കുറ്റവാളികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കാമെന്നാണ് പോലീസ് കരുതുന്നത്.

Related posts