കേളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ബാഗുകളില്‍ ജാതി രേഖപ്പെടുത്തി, മധ്യപ്രദേശ് സര്‍ക്കാര്‍ പുലിവാലു പിടിച്ചു, പദ്ധതിയുടെ പേരാണ് ചേര്‍ത്തതെന്ന് സര്‍ക്കാര്‍

2പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കോളേജ് വിദ്യാര്‍ഥികളുടെ ബാഗില്‍ എസ്‌സി, എസ്ടി എന്ന് രേഖപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മാള്‍വ ജില്ലയിലെ മംദസൗറിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് പിജി കോളജിലെ 250ഓളം പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ബാഗിലാണ് ജാതി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എസ്‌സിഎസ്ടി പദ്ധതിയില്‍ പെടുത്തി വിതരണം ചെയ്തതാണ് ഈ ബാഗുകള്‍.

ബാഗില്‍ നോട്ട് ബുക്ക്, പേന, കാല്‍ക്കുലേറ്റര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബാഗുകളില്‍ ജാതി രേഖപ്പെടുത്തിയതില്‍ അപാകത ഇല്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ ബി.ആര്‍. നാല്‍വായയുടെ അഭിപ്രായം. പട്ടികജാതിപട്ടിക വര്‍ഗക്ഷേമ പദ്ധതി പ്രകാരമാണ് ബാഗുകള്‍ വിതരണം ചെയ്തത്. അതിനാല്‍ അവര്‍ പദ്ധതിയുടെ പേര് ബാഗില്‍ ചേര്‍ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്കൂള്‍ അധികൃതര്‍ രംഗത്തെത്തി. ക്ഷേമ പദ്ധതി പ്രകാരമാണ് ബാഗുകള്‍ നല്‍കിയതെന്നും അതിനാല്‍ ജാതി പതിച്ചതില്‍ തെറ്റില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ വാദം. ശേഷിക്കുന്ന ബാഗുകളില്‍ നിന്നും ജാതിരേഖപ്പെടുത്തിയത് മായ്ച്ചുകളയുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

ജാതി രേഖപ്പെടുത്തിയ ബാഗുകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. കോളേജ് അധികൃതരുടെ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ ദളിത് ആദിവാസി വിരുദ്ധ നിലപാടാണ് സംഭവം വെളിവാക്കുന്നതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രദേശ് അധ്യക്ഷന്‍ അരുണ്‍ യാദവ് പ്രതികരിച്ചു. മന്ദ്‌സോര്‍ എംപി മീനാക്ഷി നടരാജനും സംഭവത്തില്‍ പ്രതിഷേധിച്ചു. ആംആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related posts