തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തില്‍ ഞെരിഞ്ഞമര്‍ന്ന രണ്ടു ജീവിതങ്ങള്‍ ! മരിക്കുന്നതിനു തൊട്ടുമുമ്പ് ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാകുന്നു…

ഗുരുവായൂര്‍:തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാവുകയാണ്. കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ആളുകളില്‍ ഗദ്ഗദമുണര്‍ത്തിക്കൊണ്ട് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.

തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദം പങ്കിടുന്നതിനിടയിലാണ് ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരുടെയും ജീവന്‍ കവര്‍ന്നെടുത്തത്. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഓടിയടുക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റു ബാബു സംഭവസ്ഥലത്തും ഗംഗാധരന്‍ ആശുപത്രിയിലുമാണു മരിച്ചത്.

ഇരുവരും സുഹൃത്ത് മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിലെ ഉത്സവം എഴുന്നള്ളിപ്പിനോടു ചേര്‍ന്നാണ് മുള്ളത്ത് ഷൈജു അല്‍പ്പമകലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശനം നിശ്ചയിച്ചത്. ഷൈജുവിന്റെ വക വഴിപാടായി ക്ഷേത്രത്തിലേക്കു രണ്ട് ആനകളെ എത്തിച്ചു. പുതിയ വീടിന്റെ മുറ്റത്തുനിന്ന് എഴുന്നള്ളിപ്പ് തുടങ്ങുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അതിഥികളില്‍ പലരും ഷൈജുവിനൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരായിരുന്നു.

പുതിയ വീട്ടില്‍നിന്നുള്ള പൂരം കാണാന്‍ ഏറെപ്പേര്‍ എത്തുകയും ചെയ്തു. പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ പടക്കം പൊട്ടിച്ചു. 15 മിനിറ്റിനു ശേഷം ഒരു പ്രകോപനവുമില്ലാതെയാണ് ആന ഓടിയതെന്നു പറയുന്നു. മുന്നിലകപ്പെട്ട നാരായണ പട്ടേരിയെ രാമചന്ദ്രന്‍ തട്ടിയിട്ട് ചതച്ചരച്ചു. തല്‍ക്ഷണം മരിച്ചു. ഗംഗാധരന്‍ പിന്നീട് ആശുപത്രിയിലാണു മരിച്ചത്. ആന ഇടഞ്ഞതുകണ്ട് ഭയന്നോടുന്നതിനിടെ വീണാണു പലര്‍ക്കും പരുക്കേറ്റത്. മരിച്ച നാരായണന്‍ 40 വര്‍ഷത്തിലേറെയായി വിദേശത്തായിരുന്നു. ഭാര്യ: ബേബിനിഷ. മക്കള്‍: ഡോ. നീനു, റിനു. ഗംഗാധരനും ഭാര്യ ശ്യാമളയ്ക്ക് ഒപ്പം ഖത്തറിലാണ്. നാട്ടില്‍ ഇടയ്ക്കിടെ വന്നുപോകും. ബാബുവിന്റെയും ഗംഗാധരന്റെയും മരണത്തില്‍ പ്രദേശവാസികള്‍ ആകെ ഞെട്ടിയിരിക്കുകയാണ്.

Related posts