വലയില്‍ വീഴരുതേ… മഹാരോഗിയാക്കും! ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; സ്‌റ്റേഡിയം പരിസരങ്ങളിലും കൊച്ചിയിലെ ഇടവഴികളിലും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍

കേരളം ഇപ്പോള്‍ ഫുട്‌ബോള്‍ ലഹരിയിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ നെഞ്ചിലേറ്റിയ ജനത ഓരോ ഹോംമാച്ചിലും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയാണ്. കളിയും ആവേശവും ഉയരുന്തോറും കൊച്ചിക്കും സാമ്പത്തിക നേട്ടങ്ങള്‍ ഏറെയാണ്. ഹോട്ടലുകാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ബസുകള്‍, കൊച്ചി മെട്രോ എന്നുവേണ്ട തെരുവില്‍ ജേഴ്‌സി വില്ക്കുന്നവര്‍ വരെ ഇതിന്റെ നേട്ടം അനുഭവിക്കുന്നു.

എന്നാല്‍ ഫുട്‌ബോളിനെ ലക്ഷ്യംവച്ച് മറ്റൊരു കൂട്ടര്‍ കൂടി ഇറങ്ങിയിട്ടുണ്ട്. ശരീരം വിറ്റ് ജീവിക്കുന്നവര്‍. ഐഎസ്എല്‍ തുടങ്ങിയതോടെ ലൈംഗിക വ്യാപാരത്തിന് ഇറങ്ങിയവര്‍ കൊച്ചി നഗരത്തിലേക്ക് ബിസിനസ് മാറ്റിയിട്ടുണ്ട്. ഇടത്തരം ഹോട്ടലുകളിലേക്ക് ചേക്കേറിയ ഇവര്‍ ഇവിടെ മുറിയെടുക്കുന്ന ആരാധകരെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ നിരവധിപേരെ അനാശാസ്യത്തിന് ഹോട്ടലില്‍ നിന്ന് പിടികൂടിയിരുന്നു.

ഞെട്ടിക്കുന്ന വസ്തുത എന്താണെന്നു വച്ചാല്‍ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് പോലുള്ള മാരക ലൈംഗിക രോഗികളാണ്. കൊച്ചി സ്‌റ്റേഡിയത്തിലേക്കുള്ള ഇടവഴികളായ കന്ത്രക്കടവ് തമ്മനം റോഡുകളിലും പാലാരിവട്ടത്തു നിന്നുള്ള റോഡുകളിലും മത്സര ദിവസങ്ങളില്‍ സെക്‌സ് റാക്കറ്റിന്റെ ഇരകള്‍ കറങ്ങി നടക്കുന്നത് പതിവു കാഴ്ച്ചയാണ്. ഇടനിലക്കാര്‍ ഇല്ലാത്തവര്‍ നേരിട്ടാണ് ഇരകളെ തേടി ഇറങ്ങുന്നത്.

ലോട്ടറി കച്ചവടക്കാരുടെ വേഷത്തിലും തൊപ്പി വില്പനക്കാരായും ഇവര്‍ കറങ്ങി നടക്കുന്നു. അതുകൊണ്ട് തന്നെ പോലീസിന് ഇവരെ പിടികൂടുക പ്രായോഗികവുമല്ല. ബ്ലാസ്‌റ്റേഴ്‌സ്-പൂന മത്സരത്തിനിടെ സ്റ്റേഡിയത്തിന് അടുത്തുള്ള ഇടവഴിയില്‍ വച്ച് സെക്‌സ് റാക്കറ്റിലെ ചിലര്‍ ഒരു യുവാവിനെ ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം യുവാവിനും പ്രശ്‌നമാകുമെന്നതിനാല്‍ പോലീസില്‍ പരാതി പോയില്ലെന്ന് മാത്രം.

മലബാര്‍ ഭാഗത്തു നിന്നും കളി കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും കളിക്കുശേഷം രാത്രി ഏതെങ്കിലും ലോഡ്ജുകളില്‍ മുറിയെടുത്ത് വിശ്രമിക്കുകയാണ് പതിവ്. കൂട്ടത്തോടെ മുറിയെടുക്കുന്ന ഇത്തരം കടുത്ത ആരാധകരെ ലക്ഷ്യമിട്ടാണ് ലോഡ്ജുകളില്‍ അനാശാസ്യ സംഘങ്ങള്‍ വിലസുന്നത്.

ലോഡ്ജ് നടത്തിപ്പുകാരുടെ ഒത്താശയോടെയാണ് ഇത്. യുവാക്കളില്‍ പലരും ഇത്തരത്തില്‍ ഇവരുടെ വലയില്‍ വീഴുകയും ചെയ്യുന്നു. പോലീസ് നടപടി ശക്തമാക്കുന്നതിനൊപ്പം ആരാധക കൂട്ടായ്മകള്‍ കൂടി ഇത്തരമൊരു വിപത്തിനെതിരേ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും.

Related posts