കഴിഞ്ഞ ആറുമാസത്തെ ഞങ്ങളുടെ അദ്ധ്വാനത്തെ ഇങ്ങനെ ചെറുതായികാണരുത്! ‘ഇതളുകള്‍ക്കപ്പുറം’ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോഴും സംവിധായകന്റെ നെഞ്ചില്‍ തീ; അമല്‍ ജോയിയ്ക്ക് പറയാനുള്ളതിത്

gehehവ്യത്യസ്തമായ കഥാതന്തുവിലൂടെയും അവതരണരീതിയിലൂടെയും അഭിനയമികവിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വചിത്രമാണ് നവാഗതനായ അമല്‍ ജോയ് സംവിധാനം ചെയ്ത ഇതളുകള്‍ക്കപ്പുറം. വളരെ മികച്ച പ്രതികരണമാണ് റിലീസ് ചെയ്തദിവസം മുതല്‍ ഈ ഹ്രസ്വചിത്രത്തിന് സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ലഭിച്ചുവന്നത്. ഹ്രസ്വചിത്രത്തിന്റെ അണിയറക്കാര്‍ വിചാരിച്ചതുപോലെതന്നെ യുവജനങ്ങളെ ഹ്രസ്വചിത്രം ഏറെ സ്വാധീനിക്കുകയും ചെയ്തു. യൂട്യൂബിലും ട്രെന്‍ഡിങ് ആയ ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ ചില പ്രതിസന്ധികളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

പല യൂട്യൂബ് ചാനലുകളും സംവിധായകന്റെ അനുവാദം കൂടാതെ അവരുടേതായ രീതിയില്‍ ഷോര്‍ട്ട് ഫിലിം വ്യാപകമായി അപ്‌ലോഡ് ചെയ്യുകയാണ്. ചില ഫേസ്ബുക്ക് പേജുകളുടെ പ്രമോഷനുവേണ്ടിയും ഷോര്‍ട്ട് ഫിലിമിലെ പല പ്രധാന സീനുകളും ആളുകള്‍ അപ്പ്‌ലോഡ് ചെയ്യുകയാണ്.  ഒരു സംവിധായകന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും നാളുകള്‍നീണ്ട അദ്ധ്വാനത്തെയും പരിശ്രമത്തെയുമാണ് ഇവര്‍ ഒരു വില പോലും കൊടുക്കാതെ നിസാരവത്കരിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അമല്‍ ജോയി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവണതകള്‍ വളരെ വിഷമകരമാണെന്നും ദയവ് ചെയ്ത് അവരുടെ കഷ്ടപ്പാടുകള്‍ക്ക് വില നല്‍കണമെന്നും പോസ്റ്റില്‍ സംവിധായകന്‍ അഭിപ്രായപ്പെടുന്നു. അമല്‍ ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

വളരെ സങ്കടമുണ്ട് ഈ post ഇടുമ്പോള്‍ , കഴിഞ്ഞ ആറുമാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ”ഇതളുകള്‍ക്കപ്പുറം” എന്ന ഈ സിനിമ. എന്നാല്‍ ഇന്നു രാവിലെ മുതല്‍ പല youtube ചാനലുകളും ഞങ്ങളുടെ അനുവാദം കൂടാതെ വളരെ കുറഞ്ഞ quality ല്‍ ഈ സിനിമ upload ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നേ പല Facebook ചാനലുകളും അവരുടെ page ന്റെ promotion മാത്രം മുന്നില്‍ കണ്ട് ഈ സിനിമയുടെ ഹൃദയഭാഗം തന്നെ cut ചെയ്‌തെടുത്ത് സിനിമയുടെ പേരോ Link ഓ ഒന്നും ഇല്ലാതെയാണ് അവര്‍ upload ചെയ്തിരിക്കുന്നത്. ഒരുപാട് നാളത്തെ കഠിനപ്രയത്‌നവും നിരവധി പേരുടെ അനവധി നാളത്തെ ഉറക്കം കളഞ്ഞുമാണ് ഈ സിനിമ , ജന്മമെടുത്തത്. എന്നിട്ടും ഈ രീതിയിലുള്ള പ്രവൃത്തികള്‍ കാണുമ്പോള്‍ ഓര്‍ക്കുക അത് ഈ സിനിമയോടും ഇതിന്റെ അണിയറയില്‍ പ്രവൃത്തിച്ച യുവതലമുറയോടും ചെയ്യുന്ന വലിയൊരു ക്രൂരതയാണ്. ചിലപ്പോള്‍ ഞങ്ങളുടെ കഷ്ടപ്പാടിന്റെ വേദന അറിയാതേ ആയിരിക്കാം മറ്റ് ചാനലുകളുടെ ഭാഗത്ത് നിന്നും ഇങ്ങനൊരു ദുരനുഭവം ഈ സിനിമക്ക് നേരിടേണ്ടി വന്നത്. അങ്ങനെയാണെങ്കില്‍ ഈ post കണ്ടിട്ടെങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് അനുകൂലമായ ഒരു നടപടിയുണ്ടാകണമെന്ന് താഴ്മയായ് അഭ്യര്‍ത്ഥിക്കുന്നു. ഇതിന് മുന്‍പ് upload ചെയ്ത Facebook ചാനലുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരെ വിളിച്ച് ഞങ്ങളുടെ അവസ്ഥ അറിയിക്കുകയും ഞങ്ങളോട് വളരെ മാന്യമായിതന്നേ ഈ സിനിമയുടെ looted copy remove ചെയ്ത് ഞങ്ങളോട് സഹകരിക്കുകയും ചെയ്തു. പക്ഷേ ഈ looted copy യുടെ പ്രചരണം തടയാനാകാത്തവിധം ശക്തമായപ്പോഴാണ് ഇങ്ങനെ ഒരു post ഞങ്ങള്‍ക്ക് ഇടേണ്ടി വന്നത്. ഞങ്ങളുടെ ഈ സിനിമ നേരിട്ട ദുരവസ്ഥ മറ്റൊരു സിനിമയ്ക്കും ഉണ്ടാകാതിരിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നൂ..

Amal Joy Arukulasseril
Director

 

Related posts