മെക്സിക്കോയിലെ നാഷണൽ ഗാർഡ് സേനയിലേക്ക് ഒരു പുതിയ അംഗം കൂടി എത്തിയിരിക്കുന്നു. വെറും 6 കിലോഗ്രാം മാത്രം ഭാരമുള്ള ‘കമാൻഡോ’ (Comando) എന്ന കൊച്ചു ഷിഹ്വാഹ്വ (Chihuahua) വർഗത്തിൽപ്പെട്ട നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും സേനയിലെയും താരം.
തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക പരിശീലനം നേടുന്ന കമാൻഡോ, നാഷണൽ ഗാർഡിന്റെ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു.
പ്രായമായ ഉടമസ്ഥർക്ക് പരിപാലിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ആറു മാസം മുൻപാണ് നാഷണൽ ഗാർഡ് ഈ നായക്കുട്ടിയെ ദത്തെടുത്തത്. തുടർന്ന് കമാൻഡോയ്ക്ക് അനുയോജ്യമായ ചെറിയ ജാക്കറ്റും , ഗോഗിൾസും, തലയിൽ ഉറപ്പിക്കാവുന്ന ചെറിയ ക്യാമറയും അടക്കം പ്രത്യേക ഗിയറുകൾ നൽകി പരിശീലനം ആരംഭിച്ചു.
ജർമ്മൻ ഷെപ്പേർഡ് പോലുള്ള വലിയ ഇനം നായ്ക്കളെ മാത്രം കണ്ടുശീലിച്ച സേനയിൽ കമാൻഡോയുടെ സാന്നിധ്യം തികച്ചും വ്യത്യസ്തമാണ്.
പരിശീലനത്തിനിടെ വലിയ നായ്ക്കൾ പോലും തടസങ്ങൾ കണ്ടു മടിച്ചപ്പോൾ, കമാൻഡോ അനായാസമായി പ്രതിബന്ധങ്ങൾ തരണം ചെയ്തു. ചെറിയ ഇടങ്ങളിൽ പോലും കടന്നുചെന്ന് ആളുകളെ കണ്ടെത്താൻ കമാൻഡോയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൈനികർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം ചടങ്ങുകളിലും കമ്മ്യൂണിറ്റി പരിപാടികളിലും പങ്കെടുക്കുന്ന കമാൻഡോ, സേനയുടെ മാനുഷിക മുഖമായി മാറിയെന്ന് ലഫ്റ്റനന്റ് ഡെബോറ ഹെർണാണ്ടസ് പറഞ്ഞു.
