റീൽസ് ചിത്രീകരിക്കുന്നതിനായി പൊതുനിരത്തിൽ യുവാവിന്റെ അതിസാഹസിക പ്രകടനം. ബിഹാറിലാണ് തൊട്ടുപിന്നാലെ ഒരു ഭാരവാഹനം വരുന്നതറിയാതെ ഓടുന്ന ബൈക്കിന്റെ സീറ്റിൽ എഴുന്നേറ്റുനിന്ന് യുവാവ് അപകടകരമായ രീതിയിൽ അഭ്യാസം കാണിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുവാവിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
‘ദി ബിഹാർ’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തെരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിച്ചുപോകുന്ന യുവാവ്, പിന്നാലെ ഒരു ലോറി വരുന്നുണ്ടായിട്ടും സൈഡ് കൊടുക്കാനോ സാധാരണ രീതിയിൽ യാത്ര തുടരാനോ തയ്യാറാകുന്നില്ല. പകരം, ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ സീറ്റിൽ എഴുന്നേറ്റുനിന്ന് ബാലൻസ് ചെയ്ത് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയായിരുന്നു.
തൊട്ടുപിന്നിൽ തന്നെ വലിയൊരു ലോറി വേഗതയിൽ വരുന്നതിനിടയിലാണ് യുവാവിന്റെ ഈ മരണക്കളി. യാത്രയ്ക്കിടെ ബാലൻസ് തെറ്റുകയോ, ബൈക്കിന്റെ വേഗതയിൽ പെട്ടെന്ന് മാറ്റം വരികയോ ചെയ്തിരുന്നെങ്കിൽ അത് വലിയൊരു ദുരന്തത്തിൽ കലാശിക്കുമായിരുന്നു.
“ഈ റീൽസ് ഇപ്പോൾ വൈറലായിരിക്കുകയാണ്, ഇതിനെതിരെയും നടപടിയുണ്ടാകുമോ?” എന്ന ചോദ്യത്തോടെയാണ് ‘ദി ബിഹാർ’ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറൽ ആകുന്നതിന് വേണ്ടി പൊതുനിരത്തുകളെ അഭ്യാസക്കളരിയാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
