ഇന്ത്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് പ്രചാരണങ്ങളെ ചോദ്യം ചെയ്ത് ജാപ്പനീസ് യുവതി. എട്ട് മാസമായി മുംബൈയിൽ താമസിക്കുന്ന ഹിക്രു സാൻ എന്ന ജാപ്പനീസ് യുവതിയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. സ്വന്തം അനുഭവങ്ങളിലൂടെ ഒരു രാജ്യത്തെ മനസ്സിലാക്കണമെന്നും ഓൺലൈൻ സ്റ്റീരിയോടൈപ്പുകൾ വെച്ച് മാത്രം കാര്യങ്ങൾ വിലയിരുത്തരുതെന്നും അവർ അഭിപ്രായപ്പെടുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹിക്രു തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് മാറുമ്പോൾ ചില ജപ്പാൻകാരും മറ്റുള്ളവരും ഇന്ത്യയെക്കുറിച്ച് പല മുന്നറിയിപ്പുകളും നൽകിയിരുന്നതായി അവർ പറഞ്ഞു.
രാജ്യത്തെ വൃത്തിഹീനമെന്ന് ചിത്രീകരിക്കുന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പലരും നൽകിയത്. എന്നാൽ എല്ലാ രാജ്യത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും, നെഗറ്റീവ് കാര്യങ്ങൾ മാത്രം പെരുപ്പിച്ച് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ ചോദിച്ചു.
ജാപ്പനീസ് നഗരങ്ങളിലും വൃത്തിഹിനമായ സ്ഥലങ്ങളുണ്ടെന്നും, അവിടെ ജീവിച്ചാൽ മാത്രമേ അത് മനസ്സിലാകൂ എന്നും അവർ ചൂണ്ടിക്കാണിച്ചു. ഇന്ത്യ വളരെ വലുതാണെന്നും ഒരോ പ്രദേശത്തെയും അനുഭവം വ്യത്യസ്തമായിരിക്കുമെന്നും മുംബൈയിൽ താമസിക്കുന്ന തനിക്ക് ഓൺലൈനിൽ കണ്ടതുപോലെയുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഹിക്രു വ്യക്തമാക്കി.
“ഇന്ത്യ എത്രമാത്രം മനോഹരവും അത്ഭുതകരവുമാണെന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ അവർ കുറിച്ചു.
ഹിക്രുവിന്റെ വീഡിയോ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. എല്ലാ രാജ്യത്തും നല്ലതും ചീത്തയുമായ ആളുകളുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യയെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടുകൾ പങ്കുവെച്ചതിന് നിരവധി പേർ ജാപ്പനീസ് യുവതിയെ അഭിനന്ദിക്കുകയും ചെയ്തു.
