ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലിസ്. പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയവരെ പൊലിസ് പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയാണ്. ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.
രാവിലെ പത്തിന് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.ലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 വരെയാണ് നിയന്ത്രണമുള്ളത്.
പ്രതിഷേധക്കാരെ നേരിടാനായി ഡൽഹി പൊലിസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താൽകാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലിസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തി.
ഡൽഹിയിലെ കൂട്ട അടച്ചുപൂട്ടലിനെതിരേ സുപ്രീംകോടതി; “”ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത് ”
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധമാർച്ച് തടയുന്നതിനായി മെട്രോ സ്റ്റേഷനുകൾ അടച്ചും യാത്ര തടഞ്ഞും പൊലിസ് സ്വീകരിച്ച കടുത്ത നടപടികൾക്കെതിരേ സുപ്രീംകോടതി.
പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടി ഒരു നഗരം മുഴുവൻ അടച്ചുപൂട്ടാൻ കഴിയില്ലെന്നും ഇത്തരം നീക്കങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
“”സുരക്ഷ ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ കടമയാണ്. അതേസമയം, സാധാരണക്കാർക്ക് പൊതുഗതാഗതം ഉപയോഗിക്കാൻ അവകാശമുണ്ട്. അക്രമം തടയാൻ നിയമപാലകർക്ക് അവകാശമുണ്ട്. അതിനർഥം ജനങ്ങളെ യാതൊരു യാത്രാസൗകര്യവുമില്ലാതെ വലയ്ക്കണമെന്നല്ല. ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത് എന്ന തത്വം അധികാരികൾ ഓർക്കണം” -സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്തവിധം നിയന്ത്രിതമായി മെട്രോ സർവീസുകളും മറ്റു റെയിൽവേ സർവീസുകളും അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കാൻ അധികാരികളോട് ആവശ്യപ്പെടാമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഉറപ്പ് നൽകി.
ഇന്ത്യ സഖ്യം രാഷ്ട്രപതിക്കു നിവേദനം നൽകി
ന്യൂഡൽഹി: വോട്ടർപട്ടികയിലെ അപാകതകളും ക്രമക്കേടുകളും ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരാണ് രാഷ്ട്രപതി ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 16 രാഷ്ട്രീയപാർട്ടികളിൽനിന്നുള്ള നൂറ്റന്പതോ ളം എംപിമാർ പങ്കെടുത്ത യോഗത്തിലാണ് നിവേദനത്തിന് അന്തിമരൂപം നൽകിയത്. തുടർന്ന് “സേവ് ഡെമോക്രസി’ ബാനറുമായി രാഷ്ട്രപതി ഭവനിലേക്കു മാർച്ച് നടത്തിയ എംപിമാരെ വിജയ് ചൗക്കിൽ പൊലിസ് തടഞ്ഞു. ഇതോടെ പ്രിയങ്ക ഗാന്ധി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മഹുവ മൊയ്ത്ര, ദീപേന്ദർ ഹൂഡ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ വിജയ് ചൗക്കിലും കർത്തവ്യ പഥിലും റോഡിലിരുന്ന് ഉപരോധസമരം നടത്തി.
തങ്ങളുടെ ആരോപണങ്ങളെ രാഷ്ട്രപതി തള്ളിക്കളയാതിരുന്നത് അദ്ഭുതപ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരിമറി നടന്നതിനു തെളിവ് നൽകാനാണ് രാഷ്ട്രപതി ആവശ്യപ്പെട്ടതെന്നും അതു സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം പഠിച്ച് പരിശോധിച്ചു നടപടിയെടുക്കാമെന്ന് രാഷ്ട്രപതി ഉറപ്പുനൽകിയതായി മമത ബാനർജിയും അറിയിച്ചു.
വോട്ട് ചോരി ആരോപണം; രാഷ്ട്രപതി യോജിച്ചെന്ന വാദം അടിസ്ഥാനരഹിതമെന്ന് രാഷ്ട്രപതി ഭവൻ
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തോട് രാഷ്ട്രപതി യോജിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ. രാഷ്ട്രപതി അത്തരത്തിൽ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നാണ് വിശദീകണം. വോട്ടുചോരി ആരോപണങ്ങൾ രാഷ്ട്രപതി തള്ളിക്കളയാത്തത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് രാഹുൽ പറഞ്ഞത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന് ‘വോട്ട് ചോരി’ (വോട്ട് തട്ടിപ്പ്) നടത്താൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി, രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വ്യക്തമാക്കി. തങ്ങൾ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂർവ്വം കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ട രാഷ്ട്രപതി കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായി മല്ലികാർജുൻ ഖാർഗെയും അറിയിച്ചു. രാജ്യത്ത് ഇ വി എം പൂർണ്ണമായും ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് ജനാധിപത്യത്തെ തകർക്കുകയാണെന്നും സഖ്യനേതാക്കൾ രാഷ്ട്രപതിയെ ധരിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ടതായും രാഷ്ട്രപതിയുടെ പോസിറ്റീവായ നിലപാടിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും മമതാ ബാനർജിയും കൂട്ടിച്ചേർത്തു.
ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ; ജന്തർ മന്തറിൽ കോട്ട കെട്ടി പൊലിസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ജന്തർ മന്തറിലെ പ്രതിഷേധ പരിപാടി തടയാൻ ഡൽഹിയിൽ യുദ്ധസമാനമായ സുരക്ഷാസന്നാഹങ്ങൾ.
പൊലിസിന്റെ അനുമതിയില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു സമാനമായ നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാരും പൊലിസും ഏർപ്പെടുത്തിയിരിക്കുന്നത്.
സിജെപിക്കു പുറമെ വിദ്യാർഥിസംഘടനകളായ എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ആം ആദ്മി പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ എഎഎസ്എപി എന്നിവർ പ്രക്ഷോഭത്തിൽ പങ്കാളികളാകും. പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും സിപിഎമ്മും സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ഉൾപ്പടെയുള്ള കർഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.പ്രതിഷേധത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതിനാൽ ഡൽഹിയിൽ ഇന്നു നടക്കാനിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവച്ചു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, മഹുവ മൊയ്ത്ര, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ്, പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ എംപി തുടങ്ങിയവരും സമരത്തിന്റെ ഭാഗമായേക്കും.
മെട്രോയും ട്രെയിനുകളും റദ്ദാക്കി
പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് എത്താതിരിക്കാൻ ഡൽഹിയിലെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കു രാവിലെ എത്തേണ്ട പ്രധാന എക്സ്പ്രസ്, മെയിൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ക്യാബ് സർവീസുകൾക്കും ഹോട്ടലുകളിലെ പുതിയ ബുക്കിംഗുകൾക്കും നിയന്ത്രണമേർപ്പെടുത്തി.
ചില്ല, ഗാസിപ്പുർ, അപ്സര, സിംഫു തുടങ്ങിയ അതിർത്തി പോയിന്റുകളിൽ കർഷകസംഘടനകളുടെ പിന്തുണ കണക്കിലെടുത്ത് ദ്വിതല ബാരിക്കേഡിംഗ് സ്ഥാപിച്ചു. ജന്തർ മന്തറിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
കരുതൽ തടങ്കലും
ഡൽഹി പൊലിസ് കമ്മിഷണർ നൂപുർ പ്രസാദിന്റെ നിർദേശപ്രകാരം 23,000 മുതൽ 25,000 വരെയുള്ള കേന്ദ്രസേനയെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 7,000 സിആർപിഎഫ് ഭടന്മാരും ഉൾപ്പെടുന്നു. പ്രതിഷേധക്കാരെ പാർപ്പിക്കാൻ 15 താത്കാലിക തടങ്കൽ കേന്ദ്രങ്ങളും സജ്ജമാക്കി.
പത്തു ദിവസത്തെ മുൻകൂർ അനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലിസ് അനുമതി നിഷേധിച്ചതെങ്കിലും രാജ്യത്തുടനീളം വൻ അറസ്റ്റും കസ്റ്റഡിയും നടക്കുകയാണ്. സിജെപി നാഷണൽ ഓർഗനൈസേഷൻ ഇൻ ചാർജ് ദീപക് ബലിയാനെ വീട്ടുതടങ്കലിലാക്കി.
പൂനയിൽനിന്നു വരികയായിരുന്ന എഐഎസ്എഫിന്റെ 22 വനിതാ പ്രവർത്തകരെ മധ്യപ്രദേശ് പൊലിസ് ഭോപ്പാലിൽ വച്ച് ട്രെയിനിൽനിന്നു കസ്റ്റഡിയിലെടുത്തു.
എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നിവരടക്കം രാജ്യത്തുടനീളം ആയിരത്തിലധികം പേർ കസ്റ്റഡിയിലായതായി സമരക്കാർ അറിയിച്ചു.
സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചു: അഭിജിത്ത് ദീപ്കെ
മുംബൈ: സമരം തുടങ്ങും മുന്നെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയം സമ്മതിച്ചുവെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ഡൽഹിയിലേയ്ക്ക് തിരിക്കും മുമ്പ് മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിജിത്ത് ദീപ്കെ.
രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
“നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഡൽഹി മെട്രോയും റോഡുകളും എല്ലാം അടച്ചുപൂട്ടിയത്. രാജ്യത്തെ യുവാക്കളെ അദ്ദേഹം ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത്?” – അഭിജിത്ത് ദീപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോ? സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് അത്ര പ്രിയപ്പെട്ടവനാണോ? മോദി ഭയന്നിരിക്കുകയാണ്, കാരണം ഇതിനുശേഷം ഈ നാട്ടിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും അഭിജിത്ത് ദീപ്കെ അഭിപ്രായപ്പെട്ടു.
