ഛഠ് പൂജയോട് അനുബന്ധിച്ച് നാട്ടിലേക്ക് വിമാനത്തിൽ മടങ്ങിയെത്തുമെന്ന് നാട്ടുകാർക്ക് നൽകിയ വാക്കു പാലിക്കാൻ ഒരു മാസത്തെ മുഴുവൻ ശമ്പളവും മുടക്കി ബിഹാർ സ്വദേശി. ബിഹാർ നളന്ദ ജില്ലക്കാരനായ ശത്രുഘ്ൻ കുമാറാണ് തന്റെ കഠിനാധ്വാനത്തിന്റെ ഫലം സ്വന്തം നാട്ടിലെ സന്തോഷത്തിനായി ചെലവഴിച്ചത്.
ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്ന ശത്രുഘ്ന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ മടക്കം ശ്രദ്ധിക്കപ്പെട്ടത്. താൻ നാട്ടുകാർക്ക് നൽകിയ വാക്കുപാലിക്കാനാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്ന് വിമാനത്തിനുള്ളിൽ വെച്ച് എയർഹോസ്റ്റസിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
‘ഐ ലവ് ബൊങ്കായ്ഗാവ്’ എന്ന ഇൻസ്റ്റാഗാം പേജിൽ പങ്കുവെച്ച വീഡിയോയിൽ, വിമാനത്തിനുള്ളിലിരുന്ന് ചുറ്റും നോക്കി പുഞ്ചിരിക്കുന്ന ശത്രുഘ്നെ കാണാം. ഒരു യുവ തൊഴിലാളിയായ അദ്ദേഹം തന്റെ ഒരു മാസത്തെ സമ്പാദ്യം മുഴുവൻ വിമാന ടിക്കറ്റിനായി ചെലവഴിക്കുകയായിരുന്നു എന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു. നാട്ടിലെത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കണ്ടന്റ് ക്രിയേറ്റർമാരും യൂട്യൂബർമാരും അദ്ദേഹത്തെ തേടി ഗ്രാമത്തിലെത്തുകയും അഭിമുഖങ്ങൾ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചു. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എങ്ങനെ ചെലവഴിക്കണം എന്നത് അദ്ദേഹത്തിന്റെ മാത്രം കാര്യമാണെന്നും, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ ആളുകൾ സ്വന്തം സ്വപ്നങ്ങൾ പിന്തുടരുകയാണ് വേണ്ടതെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്.
