അമ്മയും മകളും ഇനി ഒരുമിച്ച് കോടതി കയറും ! മറിയത്തിന്റെയും സാറ എലിസബത്തിന്റെയും കഥയിങ്ങനെ…

അമ്മയും മകളും ഒരുമിച്ച് നിയമപഠനം പൂര്‍ത്തിയാക്കിയാണ് ഒരു വീട് വക്കീല്‍ മയമാക്കിയത്. ഇനി മകള്‍ക്കൊപ്പം കോടതിയില്‍ വാദിക്കാനും ഈ അമ്മയുണ്ടാകും.

ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീല്‍ കോട്ടണിഞ്ഞ് ഇനിമുതല്‍ മകള്‍ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വാദിക്കാനെത്തുക.

ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു.

മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു.

പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം മകള്‍ക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജില്‍ റെഗുലര്‍ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം.

മകള്‍ പഞ്ചവത്സര എല്‍എല്‍ബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയില്‍ നടന്ന ഓഫ്‌ലൈന്‍ ചടങ്ങിലാണ് ഇവര്‍ എന്റോള്‍ ചെയ്തത്.

മക്കളുടെ പഠനാര്‍ത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്.

മകന്‍ തോമസ് പി മാത്യു ബാംഗളൂരുവില്‍ ബിബിഎ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്. 2016ല്‍ പ്ലസ് ടു കഴിഞ്ഞ മകള്‍ സാറാ എലിസബത്ത് ആ വര്‍ഷം തന്നെ തിരുവനന്തപുരം ഗവ.ലോ കോളജില്‍ പഞ്ചവത്സര എല്‍എല്‍ബി കോഴ്സിന് ചേര്‍ന്നു.

പിന്നീട് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി മകന്‍ ബംഗളൂരുവില്‍ ബിബിഎയ്ക്ക് ചേര്‍ന്നതോടെ ഫ്ളാറ്റില്‍ തനിച്ചായ അമ്മയെ മകളാണ് എല്‍എല്‍ബിക്ക് ചേരാന്‍ നിര്‍ബന്ധിച്ചത്.

ഭര്‍ത്താവിന്റെ പിന്തുണകൂടി ആയതോടെ മറിയം മറ്റൊന്നും ആലോചിച്ചില്ല. മകള്‍ക്കൊപ്പം തന്നെ പഠിക്കാന്‍ തീരുമാനിച്ചു.

മകള്‍ പഠിക്കുന്ന തിരുവനന്തപുരം ഗവ.ലോ കോളജില്‍തന്നെ എന്‍ട്രന്‍സ് എഴുതി പാസായി. 2018ല്‍ ത്രിവത്സര എല്‍എല്‍ബിക്ക് ചേര്‍ന്നു.

അമ്മയും മകളും ഒന്നിച്ചാണ് കോളേജില്‍ പോയതും പഠിച്ചതും പരീക്ഷ പാസായതും.

വക്കീലന്മാര്‍ ധാരാളമുള്ള കുടുംബത്തില്‍ അമ്മയും മകളും ഒരേദിവസം സന്നതെടുത്തത് ഇതാദ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തുതന്നെ പ്രാക്ടീസ് ചെയ്യാനാണ് ഇരുവരുടെയും തീരുമാനം.

Related posts

Leave a Comment