കടൽത്തീരത്ത് സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ പ്രണയിനിയോട് വിവാഹാഭ്യർഥന നടത്തിയതിന്റെ സന്തോഷം നിമിഷങ്ങൾക്കകം പരിഭ്രാന്തിയിലേക്ക് വഴിമാറി. അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരമാലയിൽപ്പെട്ട് 4 കാരറ്റ് വജ്രമോതിരം കടലിലേക്ക് ഒഴുകിപ്പോയതോടെ തിരച്ചിലിലായി യുവാവും ബീച്ചിലുണ്ടായിരുന്നവരും.
കാലിഫോർണിയയിലെ സാൻ ക്ലെമന്റിലുള്ള കലാഫിയ സ്റ്റേറ്റ് ബീച്ചിലാണ് ജെയ്സ് ഹാരിക്കിന് ഈ ദുരനുഭവം ഉണ്ടായത്. കാമുകിയോട് വിവാഹാഭ്യർഥന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ശക്തമായ തിരമാലകൾ ഇവർക്ക് നേരെ ആഞ്ഞടിച്ചത്.
തിരമാലയിൽ നിന്ന് പ്രതിശ്രുതവധുവിനെ രക്ഷിക്കാനായി ജെയ്സ് അവളെ പെട്ടെന്ന് എടുത്തുയർത്തി. ഫോണുകളും പേഴ്സും താക്കോലും കൈവശമുണ്ടായിരുന്നതിനാലും, ശക്തമായ തിരയിൽ അവൾ ഒഴുകിപ്പോകാതിരിക്കാനുമാണ് താൻ അങ്ങനെ ചെയ്തതെന്ന് ജെയ്സ് പറഞ്ഞു. എന്നാൽ ഈ തെരക്കിനിടയിൽ കൈയിലുണ്ടായിരുന്ന മോതിരപ്പെട്ടി വഴുതി മുട്ടോളം വെള്ളത്തിലേക്ക് വീഴുകയും തെരമാലയെടുക്കുകയും ചെയ്തു.
മോതിരം നഷ്ടപ്പെട്ടതറിഞ്ഞതോടെ ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവരും തെരച്ചിലിനായി ഒപ്പം കൂടി. മെറ്റൽ ഡിറ്റക്ടറുകളുമായി എത്തിയവരുൾപ്പെടെ മണലിലും വെള്ളത്തിലും തിരച്ചിൽ നടത്തിയെങ്കിലും മോതിരം കണ്ടെത്താനായില്ല. ബഹളം കേട്ട് ആദ്യം പ്രൊപ്പോസൽ ആഘോഷിക്കുകയാണെന്നാണ് കരുതിയതെന്നും പിന്നീടാണ് മോതിരം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും ദൃക്സാക്ഷിയായ ജെസീക്ക ലിക്കൺ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും കഠിനവുമായ നിമിഷമാണിതെന്നാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ജെയ്സ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. “പ്രകൃതി മാതാവേ, ദയവായി ഞങ്ങളുടെ മോതിരം തിരിച്ചുതരൂ” എന്നും അദ്ദേഹം കുറിച്ചു.
മോതിരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും പ്രതിശ്രുതവധു സുരക്ഷിതയായിരിക്കുന്നതിലാണ് താൻ സന്തോഷിക്കുന്നതെന്നും, ആവശ്യമെങ്കിൽ പുതിയ മോതിരം വാങ്ങാൻ തയ്യാറാണെന്നും ജെയ്സ് വ്യക്തമാക്കി. അതേസമയം, കടലിനടിയിൽ തിരച്ചിൽ നടത്താൻ ഒരു മുങ്ങൽ വിദഗ്ധൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മോതിരം കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും ജെയ്സ് അറിയിച്ചു.
