മുംബൈ: സ്വപ്നനഗരിയായ മുംബൈയിലേക്ക് വണ്ടി കയറുമ്പോൾ ഇരുപത്തിയെട്ടുകാരനായ ഭൂഷൺ താക്കറെയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 24 രൂപ മാത്രമായിരുന്നു. എന്നാൽ, ആ യുവാവിനായി കാലം മുംബൈയിൽ ഒരു അത്ഭുതം കാത്തുവച്ചിട്ടുണ്ടായിരുന്നു.
ഒറ്റദിവസം കൊണ്ട് ഭൂഷൺ കോടീശ്വരനായി മാറി. അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന കോൻ ബനേഗ ക്രോർപതിയുടെ 18-ാം സീസണിൽ ഒരു കോടി രൂപ നേടുന്ന ആദ്യ മത്സരാർഥിയായി ഭൂഷൺ ചരിത്രം കുറിച്ചു.
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായാണ് ഭൂഷൺ മുംബൈയിലെത്തിയത്. 2020-ൽ സിവിൽ സർവീസ് സ്വപ്നങ്ങൾക്കായി പഠനം തുടങ്ങിയ ഇദ്ദേഹം, 2016 മുതൽ കോൻ ബനേഗ ക്രോർപതിയുടെ ഹോട്ട് സീറ്റിലെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കഠിനാധ്വാനത്തിലാണ് ഭൂഷൺ വളർന്നത്. സാമ്പത്തിക പ്രതിസന്ധികൾ മകന്റെ പഠനത്തിന് തടസമാകരുതെന്ന് ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. പഠനച്ചെലവുകൾക്കായി അമ്മ തന്റെ സ്വർണാഭരണങ്ങൾ വിറ്റാണ് പണം സ്വരൂപിച്ചത്.
സമ്മാനത്തുക കൊണ്ട് അമ്മ വിറ്റതിനേക്കാൾ കൂടുതൽ സ്വർണം തിരികെ വാങ്ങി നൽകണമെന്നാണ് ഭൂഷണിന്റെ ആഗ്രഹം. മികച്ചൊരു പരിശീലന കേന്ദ്രത്തിൽ ചേർന്ന് സിവിൽ സർവീസ് പഠനം തുടരാനും അദ്ദേഹം ലക്ഷ്യമിടുന്നു.
ഒരു കോടി രൂപ സ്വന്തമാക്കിയതിനു പിന്നാലെ ഏഴ് കോടി രൂപയുടെ ജാക്ക്പോട്ട് ചോദ്യവും ഭൂഷണെ തേടിയെത്തി. എന്നാൽ, ഉത്തരം ഉറപ്പില്ലാതിരുന്നതിനാൽ കളി അവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
കളിയിൽ നിന്നും പിന്മാറിയ ശേഷം ഭൂഷൺ പറഞ്ഞ ഉത്തരം ശരിയായിരുന്നു. ഏഴ് കോടി രൂപ കൈവിട്ടുപോയെങ്കിലും ഭൂഷണിന് അതിൽ യാതൊരു നിരാശയുമില്ല.
കാരണം, അക്കൗണ്ടിൽ 24 രൂപയുമായി ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിയ അവന് ഈ ഒരു കോടി രൂപ വെറുമൊരു സമ്മാനത്തുകയായിരുന്നില്ല, മറിച്ച് കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. അത് ഊഹത്തിന്റെ പേരിൽ നഷ്ടപ്പെടുത്താൻ അവൻ ഒരുക്കമായിരുന്നില്ല.
