ഓടുന്ന ട്രെയിനിനുള്ളിൽ നിലവിളക്ക് കൊളുത്തി ആരതി ഉഴിയുകയും ശംഖ് മുഴക്കുകയും ചെയ്ത യാത്രക്കാരന്റെ വീഡിയോ വിവാദമാകുന്നു. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നതോടെ സംഭവത്തിൽ റെയിൽവേ സേവ അന്വേഷണം ആരംഭിച്ചു.
‘ഗോഡ് ഓഫ് വാർ’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. മുണ്ട് മാത്രം ധരിച്ച്, നെറ്റിയിലും ശരീരത്തിലും ഭസ്മം പൂശിയ ഒരാൾ ട്രെയിനിലെ സീറ്റിലിരുന്ന് ശംഖ് മുഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾക്ക് മുന്നിലായി വെച്ചിരിക്കുന്ന ചെറിയ മേശപ്പുറത്ത് കത്തിച്ച നിലവിളക്ക്, പൂക്കളും ജമന്തി മാലകളും കൊണ്ട് അലങ്കരിച്ച ദേവന്റെ ചിത്രം, പൂജാസാധനങ്ങൾ അടങ്ങിയ പാത്രങ്ങൾ എന്നിവയും കാണാം. ട്രെയിൻ അതിവേഗം ഓടിക്കൊണ്ടിരിക്കെയാണ് തീനാളമുള്ള വിളക്ക് വെച്ച് ഇയാൾ പൂജാകർമ്മങ്ങൾ നടത്തിയത്.
ഓടുന്ന ട്രെയിനിനുള്ളിൽ തീപിടുത്തത്തിന് സാധ്യതയുള്ള രീതിയിൽ വിളക്ക് കത്തിച്ചുവെച്ചത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. വീഡിയോ വൈറലായതോടെ, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുന്നതിനായി യാത്രയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ റെയിൽവേ സേവ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ട്രെയിനിനുള്ളിൽ ഇത്തരം പ്രവൃത്തികൾക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും ജീവനക്കാർ എന്തുകൊണ്ട് ഇത് തടഞ്ഞില്ലെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്തു. “പരാതി നൽകണമെങ്കിൽ ട്രെയിനിന് തീപിടിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമോ” എന്നായിരുന്നു ഒരാളുടെ പരിഹാസം. ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ, ആർപിഎഫ് ഉദ്യോഗസ്ഥർ, കോച്ച് അറ്റൻഡന്റ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു.

