നോർവേയിലെ സൂപ്പർമാർക്കറ്റിലെ പച്ചക്കറി വിലയും ഇന്ത്യയിലെ നിരക്കുകളും താരതമ്യം ചെയ്തുകൊണ്ട് ഒരു ഇന്ത്യൻ യുവാവ് പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നോർവേയിൽ വസിക്കുന്ന വിനോദ് എന്ന യുവാവാണ് എക്സിൽ പച്ചക്കറി വിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
വർഷങ്ങളായി നോർവേയിൽ ജീവിക്കുന്നെങ്കിലും തദ്ദേശീയ പച്ചക്കറി സ്റ്റോറുകളിലെ വിലവിവരങ്ങൾ ഇപ്പോഴും തന്നിൽ അത്ഭുതമുണ്ടാക്കുന്നുവെന്ന് വിനോദ് കുറിച്ചു.
ഓർഗാനിക് നാരങ്ങ: നോർവേയിൽ കിലോയ്ക്ക് ഏകദേശം ₹850 (ഇന്ത്യയിൽ ₹90 – ₹110).
തക്കാളി: നോർവേയിൽ കിലോയ്ക്ക് ₹680(ഇന്ത്യയിൽ ₹60 – ₹80), സലാഡ് വെള്ളരി (Cucumber): നോർവേയിൽ ഒരെണ്ണത്തിന് ₹300 (ഇന്ത്യയിൽ ഒരെണ്ണത്തിന് ₹20 – ₹30)
നോർവേയിലെ വിലയേക്കാൾ 8 ഇരട്ടി കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ പച്ചക്കറികൾ ലഭിക്കുന്നത്. എന്നാൽ നോർവേയിലെ വരുമാനവും ഇന്ത്യയിലെ വരുമാനവും തമ്മിൽ എട്ട് ഇരട്ടിയുടെ വ്യത്യാസമില്ലെന്ന് വിനോദ് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ, കൃഷി ചെയ്യുന്ന കർഷകന് ഇതിന്റെ യഥാർഥ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. “നമ്മുടെ രാജ്യത്തെ കർഷകരുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം നമ്മൾ നൽകുന്നുണ്ടോ? നമ്മൾ നമ്മുടെ കർഷകരെ തഴയുകയാണോ?” എന്ന് വിനോദ് ചോദിക്കുന്നു.
ഈ പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. ഇന്ത്യയിൽ ഇടനിലക്കാരാണ് വലിയ ലാഭം കൊയ്യുന്നതെന്നും, ഉപഭോക്താക്കൾ നൽകുന്ന തുകയുടെ ചെറിയൊരു പങ്ക് മാത്രമാണ് യഥാർഥ കർഷകന്റെ കൈകളിൽ എത്തുന്നതെന്നും പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു.

