മുഖ്യമന്ത്രി ജോസഫ് വിജയ്യെ വിമർശിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ വിജയ് സേതുപതി. ഒരു നടൻ എന്ന നിലയിൽ മാത്രമേ തനിക്ക് വിജയ്യെ അറിയൂവെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതികൾ നിരീക്ഷിക്കലല്ല തന്റെ ജോലിയെന്നും സേതുപതി പറയുന്നു. ഗലാട്ട തമിഴ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
“ഒരു നടൻ എന്ന നിലയിലാണ് എനിക്ക് വിജയ് സാറിനെ അറിയാവുന്നത്. ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതികൾ പൂർണമായും അദ്ദേഹത്തിന്റേതാണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതല്ല എന്റെ ജോലി. എനിക്ക് വേറെ പണിയുണ്ട്. രാഷ്ട്രീയം ഒരിക്കലും ഒരു ആഗ്രഹമല്ല, അതൊരു സേവനമാണ്.
ഞാനത് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയത്തിൽ വരണമെന്ന ആഗ്രഹം എനിക്കില്ല. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണോ അത് ഞാൻ ചെയ്യും. അത് മതി എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താൻ എനിക്ക് യാതൊരു മടിയുമില്ല. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് മുൻപ് കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കണം.
ഇപ്പോൾ ഒരു സിനിമയെ കുറിച്ച് ചോദിച്ചാൽ എനിക്കത് പറയാൻ പറ്റും. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ നന്നായി അറിഞ്ഞാലേ പറയാനാകൂ. അല്ലാത്തപക്ഷം, അതൊരു അപൂർണമായ പ്രതികരണമായി മാറും. രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല, എന്നാൽ അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ മാത്രം പ്രാപ്തനല്ല ഞാൻ”.- വിജയ് സേതുപതി പറഞ്ഞു.
ബിഗ് ബോസ് സീസണിലെ മത്സരാർഥിയോട് നേതൃത്വത്തെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണ് വിവാദം സൃഷ്ടിച്ചത്. വിവേകശൂന്യമായ വാഗ്ദാനങ്ങൾ നൽകുക, പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക, പ്രശ്നങ്ങളെ അവഗണിക്കുക ഇതൊന്നുമല്ല രാഷ്ട്രീയം, മറിച്ച് അത് വഞ്ചനയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെയോ ടിവികെയുടെയോ പേര് അദ്ദേഹം പരാമർശിച്ചിരുന്നില്ല. എന്നിട്ടും ഇതു മുഖ്യമന്ത്രിക്കെതിരേയുള്ള വിമർശനമായാണ് ടിവികെ ആരോപിച്ചിരുന്നത്.
