മുംബൈ പൊലീസിന്റെ ഔദ്യോഗിക വാഹനത്തിനുള്ളിൽ കയറി ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘വിജയ് ഹരിജൻ’ എന്ന് തിരിച്ചറിഞ്ഞ യുവാവാണ് പൊലീസിന്റെ എസ്യുവി വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് റീൽ ചിത്രീകരിച്ചത്. “ഡാഡീസ് ഹോം” എന്ന പശ്ചാത്തല സംഗീതത്തോടെയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഒരു സാധാരണക്കാരനായ വ്യക്തിക്ക് എങ്ങനെ പൊലീസിന്റെ ഔദ്യോഗിക വാഹനത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചു എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. സാങ്കേതികമായി ഏറെ സുരക്ഷ വേണ്ട വാഹനത്തിൽ ഇയാൾക്ക് പ്രവേശനം ലഭിച്ചത് എങ്ങനെയെന്നതിൽ സുരക്ഷാ വീഴ്ച ആരോപിക്കപ്പെടുന്നു.
തർക്കം രൂക്ഷമായതോടെ ഇയാൾ അക്കൗണ്ടിൽ നിന്ന് വിഡിയോ നീക്കം ചെയ്തതായാണ് വിവരം. സംഭവം എവിടെയാണ് നടന്നെതെന്നോ, വിഡിയോ ചിത്രീകരിക്കാൻ ഇയാൾക്ക് അനുമതിയുണ്ടായിരുന്നോ എന്ന കാര്യത്തിൽ മുംബൈ പൊലീസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
