നിങ്ങളുംകൂടിയുണ്ടായിരുന്നെങ്കില്‍! ഈയൊരു നിമിഷത്തിനുവേണ്ടിയല്ലേ നമ്മള്‍ കാത്തിരുന്നത്; ടിവി ഷോയ്ക്കിടെ പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം ശ്രീദേവി

kukukഒരിടവേളയ്ക്കുശേഷം അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന ബോളിവുഡ് താരം ശ്രീദേവി ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ സിനിമയായ മോമിന്റെ പ്രചരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ശരിക്കും സന്തോഷത്താല്‍ മറിമറക്കേണ്ട കാലമാണ് ശ്രീദേവിയ്ക്ക്. കാരണം പുതിയ ചിത്രം മോം ഗംഭീര അഭിപ്രായവും കളക്ഷനും നേടി തകര്‍ത്തോടുകയാണ് തിയേറ്ററുകളില്‍. എന്നാല്‍ ഒട്ടും സന്തോഷിക്കാനാവത്ത അവസ്ഥയിലാണ് ശ്രീദേവി എന്നതിനേക്കാളുപരിയായി പൊതുവേദിയില്‍ ടിവി ഷോയ്ക്കിടെ കാമറയ്ക്ക് മുമ്പില്‍ അവര്‍ പൊട്ടിക്കരയുകയും ചെയ്തു. പരിസരം മറന്ന് ശ്രീദേവി പൊട്ടിക്കരയാനുള്ള കാരണം മറ്റൊന്നുമല്ല. താന്‍ മോമിന്റെ വിജയം ആഘോഷിച്ച് നാടൊട്ടുക്ക് ഓടി നടക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടുപേര്‍ ഒപ്പമില്ല എന്നതാണ് ബോളിവുഡ് സുന്ദരിയെ തളര്‍ത്തുന്നത്.

വളര്‍ത്തുമകളായി വേഷമിട്ട സജല്‍ അലിയും ഭര്‍ത്താവിന്റെ വേഷം ചെയ്ത അദ്‌നന്‍ സിദ്ദിഖിയേയും കുറിച്ചുള്ള ഓര്‍മ്മകളാണ് ശ്രീദേവിയെ വിഷമത്തിലാക്കിയിരിക്കുന്നത്. പാകിസ്താന്‍ താരങ്ങളായിരുന്നു ഇരുവരും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ നിലനില്‍ക്കുന്ന പാക് താരങ്ങളുടെ അപ്രഖ്യാപിത വിലക്കാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേയ്ക്കുള്ള ഇവരുടെ വരവിന്റെ വാതില്‍ കൊട്ടിയടച്ചത്. പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പായിരുന്നു മോമിന്റെ ചിത്രീകരണം. എന്നാല്‍, ചിത്രം റിലീസ് ചെയ്തതോടെ അന്തരീക്ഷം മാറി. ചിത്രത്തിന്റെ പ്രചരണ പരിപാടികളിലൊന്നും രണ്ട് പ്രധാന താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെയായി. എല്ലാറ്റിനും ശ്രീദേവി തനിച്ചായി. അങ്ങിനെയാണ് കഴിഞ്ഞ ദിവസം നടന്ന ഒരു ഷോയ്ക്കിടെ ശ്രീദേവിക്ക് നിയന്ത്രണം വിട്ടുപോയത്. അദ്‌നന്‍, സജല്‍… എന്റെ മകളെ, നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ വികാരാധീനയാവുകയാണ്. നിങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം ഇത്ര വലിയ വിജയമാകുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സവിശേഷ മുഹൂര്‍ത്തമാണ്. നമ്മള്‍ ഈയൊരു നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ. ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു. വിതുമ്പലടക്കാനാവാതെ, കണ്ണീര്‍ തുടച്ചാണ് അവര്‍ പരിപാടി മുഴുമിച്ചത്. ഒരു മകള്‍ക്കുവേണ്ടി അമ്മ നടത്തുന്ന പോരാട്ടമാണ് രവി ഉദയ്വര്‍ സംവിധാനം ചെയ്ത മോം പറയുന്നത്. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖി എന്നിവരാണ് മറ്റ് താരങ്ങള്‍.

 

Related posts