വിഴിഞ്ഞം: ജനങ്ങൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന തീരദേശമായ കരിംകുളത്തെ അനധികൃത തെരുവുനായ വളർത്തൽ കേന്ദ്രത്തിനെതിരേ നടപടിയെടുക്കാനുള്ള ശ്രമവുമായി പഞ്ചായത്ത്. ജനകീയ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച് നാട്ടുകാർ.
പഞ്ചായത്തിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി നടത്തുന്ന നായ വളർത്തൽ കേന്ദ്രമാണ് ജനത്തിന് വിനയായത്. മൂന്നു വർഷമായി നടത്തിവരുന്ന കേന്ദ്രത്തിൽ നഗരസഭയിൽ നിന്നുള്ള തെരുവുനായകളെ കൂടി എത്തിക്കാൻ തുടങ്ങിയതോടെയാണ് പ്രശ് നം രൂക്ഷമായത്.
അസഹ്യമായ കുരയും നായ്ക്കളുടെ കടിപിടിയും ദുർഗന്ധവും സഹിക്കവയ്യാതെ വന്നതോടെയാണു നാട്ടുകാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധമായി രംഗത്തിറങ്ങിയത്.
പുറത്തുനിന്നു നാട്ടുകാരെ പോലും അകത്തു കടത്താതെ നടത്തുന്ന നായവളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കരിംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റും സെക്രട്ടറിയു മെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനം അനധികൃതമെന്നു തെളിഞ്ഞത്.
ഇതോടെയാണ് നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനമെടുത്തത്. വിവിധ സ്ഥലങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുന്ന നായ്ക്കൾക്കുപരി വീട്ടുകാർ മറ്റി ടങ്ങളിലേക്ക് മാറിപ്പോകുമ്പോൾ സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന വിലപിടിപ്പുള്ളതും ഏറെ അപകടകാരികളുമായ വളർത്തുനായ്ക്കളും ഇവിടെയുണ്ടെന്നും അധികൃതർ പറയുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം നടന്ന പ്രതിഷേധസംഗമം ജില്ലാ പഞ്ചായത്ത് കാഞ്ഞിരംകുളം ഡിവിഷൻ അംഗം ഫ്രീഡ സൈമൺ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാൻസിസ് അധ്യക്ഷനായി.
സിപിഎം കോവളം ഏരിയ സെക്രട്ടറി അഡ്വ. അജിത്ത്, സിപിഐ കോവളം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.എസ്. വിലാസൻ, ഡിസിസി മെമ്പർ പുഷ്പം സൈമൺ, സിഎംപി നേതാവ് വി. മുരുകൻ, കവി വിനോദ് വൈശാഖി, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ബിജോയ് ഫ്രാൻസിസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു, കരുംകുളം വിജയകുമാർ തുടങ്ങിയവർ പ്രസം ഗിച്ചു. ഷെൽട്ടർ അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് ജനകീയ സമരസമിതി നേതാക്കളും പറയുന്നു.
