പരവൂർ: വിപണിയിൽ ലഭിക്കുന്ന മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിത രാസവസ്തുവായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്താൻ ‘സ്ട്രിപ്പ് പേപ്പർ ടെസ്റ്റ്’ നിർബന്ധമാക്കി.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം രീതികൾക്കെതിരേ കർശന നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്ക് എഫ്എസ്എസ്എഐ നിർദ്ദേശം നൽകി.
കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡിൽ നിന്ന് പുറത്തുവരുന്ന അസറ്റിലീൻ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് ഈ പരിശോധന നടത്തുന്നത്. സംശയമുള്ള പഴങ്ങൾ ഒരു അടച്ച പാത്രത്തിൽ വയ്ക്കുന്നു. ഇതിൽ പ്രത്യേക രാസവസ്തുക്കൾ (ഉദാഹരണത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ്) കലർത്തിയ ഈർപ്പമുള്ള പേപ്പർ സ്ട്രിപ്പ് വയ്ക്കുന്നു. പഴങ്ങളിൽ കാർബൈഡ് ഉണ്ടെങ്കിൽ പേപ്പർ സ്ട്രിപ്പിന്റെ നിറം പെട്ടെന്ന് മാറുന്നു. ഇത് കച്ചവടക്കാരെയും മൊത്തക്കച്ചവടക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തെളിവായി ഉപയോഗിക്കാം.
പ ഴങ്ങൾ വേഗത്തിൽ പഴുക്കാൻ ഉപയോഗിക്കുന്ന ‘മസാല’ അഥവാ കാൽസ്യം കാർബൈഡ് മനുഷ്യ ശരീരത്തിന് അങ്ങേയറ്റം ദോഷകരമാണ്. ഛർദി, ചർമത്തിലെ അൾസർ, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. 2011-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇതിന്റെ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുള്ളതാണ്. പഴുപ്പിക്കാൻ സുരക്ഷിതമായ മാർഗമായി എഥിലീൻ വാതകം ഉപയോഗിക്കാമെങ്കിലും പഴങ്ങൾ ഇതുമായി നേരിട്ട് സമ്പർക്കം പുലർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
വിപണിയിൽ നിന്ന് പഴങ്ങൾ വാങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.പഴം പൂർണമായും മഞ്ഞനിറമാണെങ്കിലും തണ്ടിനടുത്ത് പച്ചയോ കറുത്തതോ ആയ പാടുകൾ ഉണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. കാർബൈഡ് ഉപയോഗിച്ച പഴങ്ങൾക്ക് നേരിയ വെളുത്തുള്ളിയുടേതിന് സമാനമായ ഗന്ധം അനുഭവപ്പെടാം. പുറംഭാഗം പഴുത്തതായി തോന്നുമെങ്കിലും ഉൾഭാഗം പുളിയുള്ളതോ കട്ടിയുള്ളതോ ആണെങ്കിൽ സൂക്ഷിക്കുക.
പരിശോധനകൾ കർശനമാക്കാനും മാർക്കറ്റുകൾ, സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധനകൾ നടത്താനും എഫ്എസ്എസ്എഐ ഉത്തരവിട്ടു. നിയമലംഘനം നടത്തുന്നവർക്കെതിരേ കടുത്ത പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
