ബംഗളൂരുവിൽ 2400 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്ത് പോലീസ്. തട്ടിപ്പ് നടത്തിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയോ എന്നറിയാനാണ് ചോദ്യം ചെയ്തന്നാണു വിവരം. കേസിലെ പ്രധാന പ്രതി നിര്‍മിച്ച സിനിമയിലെ ഗാനരംഗത്ത് സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു.
ബിസിനസുകാരനായ ശിവാനന്ദ് നീലന്നവര്‍ എന്നയാൾ ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപമായി കോടികള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ശിവം അസോസിയേറ്റ്സ് എന്ന കമ്പനിയുടെ പേരിലായിരുന്നു നിക്ഷേപം ക്ഷണിച്ചതും പണം പിരിച്ചതും. 2400 കോടി രൂപ ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് കേസ്. കര്‍ണാടക സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്.
ശിവം അസോസിയേറ്റ്സ് നിര്‍മിച്ച കന്നഡ ചിത്രമാണ് ചാമ്പ്യന്‍. ഈ സിനിമയില്‍ ഒരു ഗാനരംഗത്ത് സണ്ണി ലിയോണ്‍ വേഷമിട്ടിരുന്നു. ഇതിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് പറയപ്പെടുന്നത്. എത്ര രൂപ പ്രതിഫലം വാങ്ങി, എങ്ങനെയാണ് പണം സ്വീകരിച്ചത്, ചെക്ക് മുഖേനയായിരുന്നോ തുടങ്ങിയ വിവരങ്ങളാണ് നടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്.
നിലവില്‍ സണ്ണി ലിയോണ്‍ ഈ കേസില്‍ പ്രതിയല്ല. എന്നാല്‍, പ്രതികളുടെ പണം എവിടെയാണ് പോയത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ സിഐഡി അന്വേഷിക്കുന്നുണ്ട്. ഈ വേളിയിലാണ് സിനിമ നിര്‍മിച്ചതും അതില്‍ അഭിനയിച്ചവര്‍ക്ക് പണം കൈമാറി എന്ന വിവവരും ലഭിച്ചത്. ഇക്കാര്യത്തിലുള്ള വിവരങ്ങള്‍ തേടല്‍ മാത്രമാണ് നടിയില്‍ നിന്നുണ്ടായത് എന്നാണ് വിവരം.
4,07,000 പേരില്‍ നിന്ന് ശിവം അസോസിയേറ്റ്സ് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിഐഡിക്ക് ലഭിച്ച വിവരം. 2400 കോടി രൂപ സ്വരൂപിച്ചു എന്നും അന്വേഷണ സംഘം കണക്കാക്കുന്നു. ഇതിന് കൃത്യമായ രേഖകളില്ല. മാത്രമല്ല, നിയമവിരുദ്ധമായ രീതിയില്‍ പണം സ്വീകരിച്ചു എന്നും സംശയമുണ്ട്. അതിനിടെയാണ് പ്രതികളുടെ ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നതും നടിയില്‍ നിന്ന് മൊഴിയെടുത്തതും.
