സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ക്ക നിരോധന നിയമം നിലവില്‍ വന്നു ! പുതിയ നിയമത്തെ കോടതിയില്‍ നേരിടാനുള്ള ഫണ്ട് ശേഖരണവുമായി മുന്നോട്ടു പോകാന്‍ മുസ്ലിം സംഘടനകള്‍…

മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി സ്വിറ്റ്‌സര്‍ലന്‍ഡ്. ഫ്രാന്‍സും ഡെന്മാര്‍ക്കുമാണ് മുമ്പ് ഇത്തരത്തിലുള്ള നിയമം കൊണ്ടുവന്നത്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തില്‍ 48.8 ശതമാനംപേര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്തപ്പോള്‍ 51.2 ശതമാനം പേര്‍ അനുകൂലിച്ചു.

കോവിഡ് പ്രതിസന്ധി ആരംഭിക്കുനതിനു മുന്‍പ് തന്നെ ബുര്‍ക്ക ബാന്‍ എന്ന് പരാമര്‍ശിക്കുന്ന ഈ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതിനായി നിര്‍ദ്ദേശം കൊണ്ടുവന്നത്. അതില്‍ ഇസ്ലാം എന്ന വാക്ക് പരാമരിശിച്ചിട്ടില്ലെങ്കിലും, ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ഈ നിര്‍ദ്ദേശത്തെ വര്‍ഗീയതയിലൂന്നിയുള്ള ഒരു നടപടിയായാണ് കണ്ടത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ നിയമം വഴി നിരോധനം വന്നിരിക്കുന്നത് ബുര്‍ക്കയ്ക്കു മാത്രമല്ല പ്രതിഷേധസമരങ്ങള്‍ക്കിടയില്‍ സ്‌കി മാസ്‌കുകളും ബന്‍ഡാനാസും ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും നിയമവിരുദ്ധമായിരിക്കുകയാണ്.

അതേസമയം കോവിഡിനെ പ്രതിരോധിക്കുവാന്‍ മാസ്‌ക് ധരിക്കാം. മുഖം കാണിക്കുക എന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പാരമ്പര്യം, അതാണ് അടിസ്ഥാന സ്വാതന്ത്ര്യം.

മുഖം മറയ്ക്കുന്നത് അസ്വാതന്ത്ര്യത്തിന്റെ അടയാളമാണ്, റഫറണ്ടം കമ്മിറ്റി ചെയര്‍മാനും സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി എം പിയുമായ വാള്‍ട്ടര്‍ വോബ്മാന്‍ പറയുന്നു.

മാത്രമല്ല, മുഖം മറയ്ക്കുന്നത് യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ചിഹ്നവും ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബുര്‍ക്ക നിരോധനത്തിനു പകരം, ആവശ്യപ്പെടുമ്പോള്‍ മുഖം തുറന്നു കാണിക്കണമെന്ന നിയമത്തിനായി നിലകൊള്ളാന്‍ സ്വിസ് സര്‍ക്കാര്‍ റഫറണ്ടം സമയത്ത് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ ജനങ്ങള്‍ അനുകൂലിച്ചത് നിരോധനത്തെ തന്നെയായിരുന്നു. ബുര്‍ക്ക ധരിച്ചതിന് പിഴയൊടുക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാനും ഈ നിയമത്തെ കോടതികളില്‍ നേരിടാനുമുള്ള ഫണ്ട് ശേഖരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ മുസ്ലിം സംഘടനകള്‍ ഒരുങ്ങുന്നത്.

തീര്‍ത്തും ഇസ്ലാമിനെതിരെയുള്ള ഒരു വിവേചനമാണെന്നാണ് ഇസ്ലാമിക സംഘടനകളുടെ അഭിപ്രായം. ഭരണഘടനയില്‍ ഏത് വസ്ത്രം ധരിക്കണമെന്നതിനെ കുറിച്ച് നിര്‍ദ്ദേശം വയ്ക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല എന്നാണ് അവര്‍ പറയുന്നത്.

ഈ നിയമം ഫ്രാന്‍സില്‍ വരുന്നത് 2011ലാണ്. ഡെന്മാര്‍ക്ക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും മുഖാവരണങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിച്ചിരുന്നു.

Related posts

Leave a Comment