കോട്ടയം: കാസർഗോഡ് കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കിയ ശിൽപങ്ങളുടെ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ആശയവിനിമയത്തിലെ അപാകത മൂലമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കാസർഗോട്ടേക്ക് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം വരെ സംഘാടകരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസർഗോട്ടെ പരിപാടിക്കായി നേരത്തെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി 9.32ന് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെയും വടകരയിലെയും പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചു.കാസർഗോട്ടേയ്ക്ക് പോകാൻ ഏറെ ആഗ്രഹിച്ചിരുന്നു. സംഘാടകരെ ബന്ധപ്പെടാൻ വ്യാഴാഴ്ച രാത്രി നിരവധി തവണ ശ്രമിച്ചിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. തന്റെ ടൂർ ഡയറിയും റദ്ദാക്കിയ ടിക്കറ്റ് വിവരങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
Read More