ബെയ്ജിംഗ്: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷി പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. രണ്ടു മണിക്കൂർ നീണ്ട ആദ്യ റൗണ്ട് ചർച്ചകളിൽ, ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
സെപ്റ്റംബർ 24ന് ഷിയെ അമേരിക്ക സന്ദർശനത്തിന് ട്രംപ് ക്ഷണിച്ചു. ക്രിയാത്മകമായ ഉഭയകക്ഷി ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ കാഴ്ചപ്പാട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഷി പറഞ്ഞു. എന്നാൽ, ചൈന-യുഎസ് ബന്ധങ്ങളിലെ പ്രധാനപ്പെട്ട വിഷയമായി തായ്വാൻ തുടരുന്നതായും ഷി ചൂണ്ടിക്കാട്ടി. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്താൽ, ഉഭയകക്ഷി ബന്ധം സ്ഥിരതയുള്ളതാകും.
അല്ലാത്തപക്ഷം, ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുമെന്ന് ഷീ പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തായ്വാൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് യുഎസിനോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം വർധിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നതു തടയുക എന്നിവ സംബന്ധിച്ച് ചർച്ച നടന്നതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ചൈനീസ് വിപണികൾ അമേരിക്കയ്ക്കായി കൂടുതൽ തുറക്കുക, യുഎസ് വ്യവസായങ്ങളിൽ ചൈനീസ് നിക്ഷേപം വർധിപ്പിക്കുക എന്നിവയുൾപ്പെടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരും ചർച്ചയിൽ പങ്കാളികളായി. ഹോർമുസ് കടലിടുക്ക് തുറക്കുണമെന്നതിൽ ഇരുപക്ഷവും യോജിച്ചു. കടലിടുക്കിന്റെ സൈനികവൽക്കരണം, ടോൾ ഈടാക്കാനുള്ള ശ്രമം എന്നിവയിലുള്ള എതിർപ്പും ഷി വ്യക്തമാക്കി.
ഗൾഫ് എണ്ണയെ ചൈന ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കൂടുതൽ യുഎസ് എണ്ണ വാങ്ങുന്നതിൽ ചൈന താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
