കരുനീക്കങ്ങള്‍ ഇങ്ങനെ! നോട്ടുനിരോധനത്തിനു ചുക്കാന്‍ പിടിച്ചത് മോദിയുടെ വിശ്വസ്തന്‍ അദിയ; തന്ത്രങ്ങള്‍ ചോരാതിരിക്കാന്‍ സംസാരിച്ചിരുന്നത് ഗുജറാത്തിയിലും

modi 2രാജ്യത്തെ മൊത്തം സമ്പത്തിന്റെ 86 ശതമാനം ഒറ്റ രാത്രികൊണ്ട് റദ്ദാക്കിയ കടുത്ത തീരുമാനത്തിന്റെ മൊത്തം നിയന്ത്രാണം നരേന്ദ്ര മോദിയുടെ വിശ്വസ്തനാണെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി കൂടെ നില്‍ക്കുകയും മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് ഇപ്പോള്‍ ധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹസ്മുഖ് ആദിയ ആണെന്നാണ് അറിയുന്നത്.

2003-06 കാലഘട്ടത്തില്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ആദിയയാരുന്നു അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ആ നാളുകളില്‍ തന്നെ മോദിയുടെ വിശ്വസ്തത പിടിച്ച് പറ്റാന്‍ ആദിയയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് മോദി സര്‍ക്കാര്‍ രാജ്യഭരണം ഏറ്റെടുത്തതിനു ശേഷം 2015 സെപ്റ്റംബറിലാണ് ആദിയ ധനകാര്യമന്ത്രാലയത്തിന് കീഴില്‍ റവന്യു സെക്രട്ടറിയായി ചുമതലയേറ്റത്. ഹസ്മുഖ് ആദിയയ്ക്കും മുതിര്‍ന്ന മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കും പുറമെ ഏതാനും യുവ ഗവേഷകരും ചേര്‍ന്ന് ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലിരുന്നാണ് നോട്ട് അസാധുവാക്കലിന്റെ രൂപരേഖ തയാറാക്കിയത്.

മോദിയെ യോഗ പരിശീലനത്തിലേക്ക് നയിച്ചത് ആദിയ ആയിരുന്നത്രേ. ധനമന്ത്രിയുടെ കീഴിലാണെങ്കിലും പ്രധാനമന്ത്രിയുമായാണ് ആദിയയ്ക്ക് കൂടുതല്‍ ഇടപാടുകള്‍. ഇരുവരും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ മാതൃഭാഷയായ ഗുജറാത്തിയിലാണ് സംസാരം പോലും. നോട്ട് അസാധുവാക്കലിന് മുന്നോടിയായി ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് നിരവധി ഗവേഷണം മോദി നടത്തിയിരുന്നു. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ എത്ര സമയമെടുക്കും?, അവ എങ്ങനെ വിതരണം ചെയ്യും?, നോട്ട് അസാധുവാക്കിയാല്‍ ആര്‍ക്കാണ് ലാഭമുണ്ടാവുക? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് മോദി വിദഗ്ധരുമായി ഏറെ ചര്‍ച്ച ചെയ്തത്. എന്നാല്‍ നോട്ട് അസാധുവാക്കാന്‍ പോകുന്നു എന്നതിനേക്കുറിച്ച് ഇവരില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു മോദിയുടെ നീക്കങ്ങള്‍.

Related posts