അംഗരക്ഷകയില്‍ നിന്നും പട്ടമഹിഷിപദത്തിലേക്ക് ! അംഗരക്ഷകയായ യുവതിയെ ജീവിത സഖിയാക്കി ലോകത്തെ ഞെട്ടിച്ച് തായ് രാജാവ്…

ബാങ്കോക്ക്: തായ്‌ലന്‍ഡിന്റെ പുതിയ രാജാവ് മഹാ വജിറലോങ്കോണിന്റെ പട്ടാഭിഷേകത്തിനായി രാജ്യം തയ്യാറെടുത്തിരിക്കുമ്പോള്‍ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ രാജാവ് ഏവരെയും ഞെട്ടിച്ചു. കിരീടധാരണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ വ്യക്തി സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ ജീവിത സഖിയാക്കിയാണ് രാജാവ് ലോകത്തെത്തന്നെ അമ്പരപ്പിച്ചത്.സുദിത രാജ്ഞി എന്ന പേരിലാകും പുതിയ രാജ്ഞി അറിയപ്പെടുക.

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാജകുടുംബം തളളി. ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമായ തായ്‌ലന്‍ഡില്‍ നിയമാനുസൃതമായാണ് 66 കാരനായ മഹാ വാജിറാലോങ്കോണിനെ രാജാവായി തിരഞ്ഞെടുത്തത്. രാമ (പത്താമന്‍) എന്ന പേരിലായിരിക്കും തായ്‌ലന്‍ഡിലെ പുതിയ രാജാവ് ഇനി മുതല്‍ അറിയപ്പെടുക. മഹാ വാജിറാലോങ്കോണിന്റെ നാലാമത്തെ വിവാഹമാണിത്.

ആശ്ചര്യത്തോടു കൂടിയാണ് തായ്‌ലന്‍ഡിലെ ജനങ്ങള്‍ തങ്ങളുടെ പുതിയ രാജാവിന്റെ വിവാഹവാര്‍ത്ത കേട്ടത്. ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ രാജകുടുംബം തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. രാജകുടുംബം ഔദ്യോഗിക വിജ്ഞാപനത്തോടോപ്പം പുതിയ രാജാവിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തു വിടുകയും ചെയ്തു. രാത്രിയോടെ ചാനലുകള്‍ വിവാഹദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. 2014 ല്‍ മൂന്നാമത്തെ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ മഹാ വാജിറാലോങ്കോണ്‍ 2016 ഒക്ടോബറില്‍ പിതാവും തായ്ലാന്‍ഡ് രാജാവുമായിരുന്ന ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചതിനെ തുടര്‍ന്നാണ് രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏഴുപതിറ്റാണ്ടു കാലം തായ്ലന്‍ഡിലെ സിംഹാസനത്തില്‍ വാണ അതുല്യതേജ് ലോകത്ത് എറ്റവും അധികകാലം അധികാരത്തിലിരുന്ന രാജാവാണ്. തായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയായിരുന്ന 40 കാരിയായ സുദിത 2013 ലാണ് രാജാവിന്റെ സുരക്ഷാസേനയില്‍ അംഗമാകുന്നത്. 2014 ല്‍ രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി ഇവരെ നിയമിച്ചു. 2016 ല്‍ രാജ്യം സുദിതയെ ലേഡി പദവിയ്ക്കു തത്തുല്യമായ ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു.

മുന്‍ രാജാവിന്റെ മരണശേഷമാണ് പുതിയ രാജാവ് സിംഹാസനത്തിലേറുന്നത് എന്നതിനാല്‍ തന്നെ പഴയ രാജാവിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. ബുദ്ധ പാരമ്പര്യ പ്രകാരവും ബ്രാഹ്മണ നിഷ്ഠകള്‍ക്കനുസൃതമായ രീതിയിലുമാകും ഈ ആഴ്ച രാമ (പത്താമന്‍) രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ നടക്കുക. എന്തായാലും രാജാവ് കിടിലന്‍ തന്നെയെന്നാണ് ആളുകള്‍ പറയുന്നത്.

Related posts