ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരുവയ്യാറിന് സമീപം കണ്ടിയൂരിലെ അരുള്‍മിഗു ബ്രഹ്മശിരകണ്ടീശ്വരർ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവ് ഇ. വി രാമസാമി പെരിയാറിന്റെ പ്രതിമ നീക്കം ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് കനത്ത പൊലിസ് സുരക്ഷയിൽ പുലർച്ചെയായിരുന്നു നടപടി. ക്രെയിൻ ഉപയോഗിച്ച് മാറ്റിയ പ്രതിമ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് അധികൃതർ നടപടിയുമായി മുന്നോട്ട് പോയത്.
ക്ഷേത്രഭൂമിയിൽനിന്ന് പ്രതിമ സുരക്ഷിതമായി നീക്കം ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് മദ്രാസ് ഹൈക്കോടതി ഒക്ടോബർ അവസാനം നിർദേശം നൽകിയിരുന്നു. ഇതിനായി നാലാഴ്ചത്തെ സമയപരിധിയും കോടതി അനുവദിച്ചിരുന്നു.
