തിരുവനന്തപുരം: വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയ്ക്കെതിരെ വ്യാപാരികൾ രംഗത്ത്. കടകളിൽ പരിശോധന നടത്തി സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
പരിശോധനകൾ ഉദ്യോഗസ്ഥരുടെ ടാർഗറ്റ് പൂർത്തിയാക്കുന്നതിനുള്ള നടപടിയായി മാറുകയാണെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ആരോപിച്ചു. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങൾ വ്യാപാരികൾക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുണനിലവാര പരിശോധന നടത്തേണ്ടത് ഇത്തരം ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങളിലാണെന്നാണ് വ്യാപാരികളുടെ നിലപാട്. വിൽപ്പനയ്ക്ക് നിരോധനമുള്ള ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് അധികൃതർ വ്യാപാരികൾക്ക് വ്യക്തമായ നിർദേശം നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. വ്യാപാരികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ദേവസ്യ മേച്ചേരി അറിയിച്ചു.
വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് കണ്ടെത്തി നീക്കം ചെയ്യുന്നതിനാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ സൗന്ദര്യ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
മലപ്പുറത്ത് മുഖകാന്തി വർധിപ്പിക്കാനായി ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധനകൾ വീണ്ടും ശക്തമാക്കിയത്. ഇതോടെയാണ് ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി വ്യാപകമായ പരിശോധനകൾ തുടരുന്നത്.
