അവളുടെ പ്രായത്തില്‍ ഞാനത് ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയമാണ്! വാക്കുകള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ച സാക്ഷാല്‍ ശശി തരൂരിനെ ഞെട്ടിച്ച് രണ്ടു വയസുകാരി കൊച്ചുമിടുക്കി

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രണ്ട് കടുകട്ടി വാക്കുകള്‍ പറഞ്ഞ് അടുത്തിടെ ഏവരെയും ഞെട്ടിച്ചിരുന്നു. ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകം അവതരിപ്പിച്ച വേളയിലാണ് ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്ക് പരിചയപ്പെടുത്തിയത്.

ഒന്നിനും മൂല്യം കല്‍പ്പിക്കാത്ത പ്രവര്‍ത്തി അല്ലെങ്കില്‍ ശീലം എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ആ വാക്ക് ചര്‍ച്ചയായതോടെ രണ്ടാമതൊരു വാക്കുകൂടി തരൂര്‍ അവതരിപ്പിച്ചു. നിങ്ങള്‍ക്ക് hippopotomonstrosesquippedaliophobia, അഥവാ വലിയ വാക്കുകളോടുള്ള ഭയമാണോ എന്നാണ് തരൂര്‍ ചോദിച്ചത്. ആദ്യത്തേതുപോലെ തന്നെ രണ്ടാമത്തെ വാക്കും വന്‍ ചര്‍ച്ചയായി.

ഇപ്പോഴിതാ, വായില്‍ കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞ് ആളുകളെ വട്ടം ചുറ്റിക്കുന്ന ശശി തരൂരിനെ അതേ നാണയത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു കുഞ്ഞ്. തരൂര്‍ ഉപയോഗിച്ച ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് ഉച്ഛരിച്ചാണ് കുട്ടി തരൂരിനെ ഞെിച്ചിരിക്കുന്നത്. കുട്ടി വാക്ക് ഉച്ഛരിക്കുന്ന വീഡിയോ അമ്മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

‘എത്ര മനോഹരം, അവളുടെ പ്രായത്തില്‍ ഞാന്‍ അത് ചെയ്തിട്ടുണ്ടാകുമോ എന്ന് സംശയിക്കുന്നു.’- തരൂര്‍ തിരിച്ചും ട്വീറ്റ് ചെയ്തു. പുതിയ പുസ്തകമായ ‘ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി’ എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന 29 അക്ഷരങ്ങളുള്ള വാക്ക് തരൂര്‍ ഉപയോഗിച്ചത്.

ഫ്‌ലൊക്‌സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ ‘ഫിക്കേഷനും’ ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ വാക്കിന്റെ ഉദ്ഭവം. 1741-ല്‍ ഇംഗ്ലീഷ് കവി വില്യം ഷെന്‍സ്റ്റോണ്‍ ഒരു കത്തിലാണ് ഈ വാക്ക് ആദ്യം പ്രയോഗിച്ചത്. ഏതായാലും തരൂരിനൊപ്പം കൊച്ചുകുട്ടിയും ഇപ്പോള്‍ താരമായിരിക്കുകയാണ്.

Related posts