തിരുവനന്തപുരം: പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്. വിലക്കയറ്റ വിഷയം കെ.എന്‍.ബാലഗോപാലാണ് സഭയില്‍ ഉന്നയിച്ചത്. സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രി വി.ഡി.സതീശന് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി നല്കി. ഈ സര്‍ക്കാര്‍ വിലക്കയറ്റത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിരന്തരം എണ്ണ വില വര്‍ധിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് എണ്ണവില വര്‍ധിക്കാന്‍ കാരണം. ഇതിന്റെ സാമ്പത്തിക സാമൂഹിക ആഘാതം പരിശോധിക്കുകയാണ്. കുറച്ചുദിവസം കൂടി കാത്തിരുന്ന ശേഷം തീരുമാനമെടുക്കും. മുന്‍ സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കുറവ് മനസിലാക്കി നടപടിയെടുക്കും. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമ്പോള്‍ അതില്‍ വിശദമായി കാര്യങ്ങള്‍ വിവരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3000 കോടി രൂപ സിവില്‍ സിവില്‍ സപ്ലൈസിന് കൊടുക്കാന്‍ കടം ബാക്കിവച്ചിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാത്ത നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതായി സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
