കരുതിയിരിക്കുക… ബംഗ്ലാദേശ് തീവ്രവാദ സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ കേരളത്തിലും ചുവടുറപ്പിക്കുന്നു; മലപ്പുറത്തെത്തിയത് അനധികൃത കുടിയേറ്റത്തിന്റെ മറവില്‍…

കൊച്ചി:ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹുദ്ദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി.) കേരളത്തിലും ചുവടുറപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘടന ശക്തമായ വേരോട്ടമുണ്ടാക്കിയതായും കഴിഞ്ഞ 23 നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ മറവിലാണു തീവ്രവാദികള്‍ എത്തുന്നത്. യു.എ.പി.എ. നിയമപ്രകാരം നിരോധിച്ച 41 ഭീകര സംഘടനകള്‍ക്കൊപ്പം ജെ.എം.ബി, ജെ.എം.ഐ, ജമാഅത്ത് ഉള്‍ ഹിന്ദുസ്ഥാന്‍ (ജെ.എം.എച്ച്) എന്നിവയെയും പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജെ.എം.ബി. ഇന്ത്യയില്‍ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ഇന്ത്യ എന്ന പേരിലാണു (ജെ.എം.ഐ) അറിയപ്പെടുന്നത്. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഖാലിഫേറ്റ് രൂപീകരിക്കുകയാണു അടിസ്ഥാന ലക്ഷ്യം. ജെ.എം.ബിയുടെ ബംഗ്ലാദേശിലെ തലവന്‍ സലാഹുദ്ദീന്‍ അഹമ്മദ് എന്ന ഷഹിദുല്‍ ഇസ്ലാം, സഹായി ഖൊമാം മിസാന്‍ എന്നിവര്‍ ഇന്ത്യയിലേക്കു കടന്നിരുന്നു. ഇതില്‍ മിസാന്‍ ബംഗാളി എന്ന വ്യാജേന മലപ്പുറത്തും എത്തിയിട്ടുണ്ട്. ബോധ്ഗയ സ്ഫോടന കേസില്‍ അറസ്റ്റിലായ ഷഹിദുല്‍ ഇസ്ലാം ഇന്ത്യയിലെ ജമാഅത്തെ ഉള്‍ മുജാഹിദ്ദീന്‍ തലവനാണെന്നു എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇയാള്‍ക്കു കേരളത്തിലും ബന്ധങ്ങളുണ്ട്. ബംഗ്ലാദേശിലടക്കം നിരവധി കേസുകളില്‍ ഷഹിദുല്‍ ഇസ്ലാം പ്രതിയാണ്. 2014 ല്‍ ബംഗ്ലാദേശ് കോടതി 95 വര്‍ഷത്തെ തടവ് വിധിച്ചതോടെയാണു ഇയാള്‍ ഇന്ത്യയിലേക്ക് കടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിന്നു രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. ദക്ഷിണേന്ത്യയില്‍ സംഘടന ശക്തമാക്കാനും ദൗത്യം ആസൂത്രണം ചെയ്തു നടപ്പാക്കാനും ലക്ഷ്യമിടുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു.

നാട്ടുകാരില്‍ പലരും ഈ സംഘടനയില്‍ ആകൃഷ്ടരാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ അല്‍ക്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനന്റ് (എ.ക്യു.ഐ.എസ്), ഇസ്ലാമിക്സ് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി), ഐ.എസ്.ഐ.എസ്. വിലായത്ത് ഖൊറാസന്‍, ഇസ്ലാമിക് സ്റ്റേറ്റ്സ് ഓഫ് ഇറാഖ് ഷാം ഖൊറാസന്‍ (ഐ.എസ്.ഐ.എസ്-കെ), ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് എന്നീ സംഘടനകളെ യു.എ.പി.എ. പ്രകാരം നിരോധിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ചോരക്കളമാക്കിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നു എന്ന വിവരം മുമ്പ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബംഗ്ലാദേശി ഭീകരസംഘടനകള്‍ കൂടി എത്തിയെന്ന വിവരം ഭീതി വിതയ്ക്കുകയാണ്.

Related posts