“വിണ്ണില്‍ ദിവ്യ ദൂതര്‍ പാടി’..! തേജസിന്റെ ക്രിസ്മസ് ഗാനം നവമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ്

KTM-GANAM-FBജെവിന്‍ കോട്ടൂര്‍
കോട്ടയം: ബേത്‌ലഹേമിലെ മഞ്ഞുപെയ്യുന്ന രാത്രിയില്‍ മാലാഖാമാരും ആട്ടിടയന്‍മാരും പാടിയ കുളിരേകിയ ഗാനങ്ങള്‍ പോലെ ഇത്തവണത്തെ ക്രിസ്മസ് രാവുകള്‍ക്ക് കുളിരേകി ഏഴാം ക്ലാസ് വിദ്യാര്‍ഥി സംഗീതം സംവിധാനം നിര്‍വഹിച്ച ക്രിസ്മസ് ഗാനം നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്.  കോട്ടയം ചുങ്കം സ്വദേശിയും പുല്ലാംകുഴല്‍ വിദ്വാനുമായ പ്ലാപ്പറമ്പില്‍ എബി ജോസഫിന്റെയും നിരവധി ആല്‍ബങ്ങളിലുടെ പ്രശ്‌സതയായ ഗായിക ദീപ എബിയുടെയും മകനായ തേജസ് എബി ജോസഫ് ചിട്ടപ്പെടുത്തിയ “വിണ്ണില്‍ ദിവ്യ ദൂതര്‍ പാടി’ എന്നു തുടങ്ങുന്ന ഗാനമാണു യുട്യൂബിലും ഫേസ്ബുക്കിലും ഹിറ്റായിരിക്കുന്നത്.

സംഗീതാസ്വാദകര്‍ക്കുള്ള തേജസിന്റെയും കുടുംബത്തിന്റെയും ഇത്തവണത്തെ ക്രിസ്മസ് സമ്മാനമാണ് ഈ ഗാനം. ഗാനം രചിച്ചിരിക്കുന്നതു തേജസിന്റെ പിതാവ് എബി ജോസഫും ഗാനം ആലപിച്ചിരിക്കുന്നതു തേജസിന്റെ മാതാവ് ദീപ എബിയുമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. യൂട്യുബിലും ഫേസ്ബുക്കിലും റീലീസ് ചെയ്ത ഗാനം ദിവസങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകളാണ് കണ്ടത്. ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനാണ് തേജസ് എബി ജോസഫ് എന്ന 12 വയസുകാരന്‍. നാലു വയസു മുതല്‍ സ്വന്തമായി പിയാനോ വായിക്കുമായിരുന്ന തേജസിന്റെ സംഗീതമേഖലയിലുള്ള കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പിയാനോ പഠിപ്പിക്കാനായി മ്യൂസിക് സ്കൂളില്‍ ചേര്‍ത്തു.

തുടര്‍ന്ന് റോയല്‍ സ്കൂള്‍ ഓഫ് ലണ്ടന്റെ തേര്‍ഡ് ഗ്രേഡ് പാസാവുകയും ചെയ്തു. ഇതോടൊപ്പം മ്യൂസിക് കമ്പോസ് ചെയ്യുകയും കമ്പോസ് ചെയ്ത ട്യൂണിനു ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാനും തേജസിനു കഴിഞ്ഞു. കെ. എസ്. ചിത്രയുടെ മ്യൂസിക് കമ്പനിയായ ഓഡിയോ ട്രാക്ക്‌സ് പുറത്തിറക്കിയ സംഗീത സംവിധായകന്‍ ശരത്ത് ആലപിച്ച “പൂമരങ്ങള്‍ പൂങ്കാറ്റിനോടു ചൊല്ലി’” എന്നു തുടങ്ങുന്ന പാട്ട് തേജസിന്റെ സംഗീത സംവിധാനത്തിലുള്ളതാണ്. ഈ ഗാനത്തിന്റെ ട്രാക്ക് പാടി തേജസ് ശരത്തിനു അയച്ചു കൊടുത്തപ്പോള്‍ ട്യൂണ്‍ ഇഷ്്ടമായ ശരത്ത് പ്രതിഫലം വാങ്ങാതെയാണു പാടിയത്.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററെ കൊണ്ടു പാട്ട് പാടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനുമാണ് തേജസ്. തേജസിന്റെ സംഗീത ജീവിതത്തിനു ഏറ്റവും പ്രോത്സാഹനം നല്കുന്നതു മാതാപിതാക്കള്‍ തന്നെയാണ്. സംഗീതം ചിട്ടപ്പെടുത്തുന്നതിനായി തേജസിനു വീട്ടില്‍ തന്നെ ഹോം സ്റ്റുഡിയോയും ഇവര്‍ തയാറാക്കി നല്കിയിട്ടുണ്ട്. സംഗീത സംവിധാനം ചെയ്യുന്നതിനോടൊപ്പം തേജസ് ഗായകനുമാണ്. കോട്ടയം മുട്ടമ്പലത്താണ് താമസിക്കുന്നത്. കഞ്ഞിക്കുഴി സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് തേജസ്. ഒരു മലയാള സിനിമയ്ക്കു വേണ്ടി സംഗീത ചിട്ടപ്പെടുത്തുകയെന്നതാണു തേജസിന്റെ ആഗ്രഹം.

Related posts