തൃശൂർ: കോർപറേഷൻ സ്റ്റേഡിയം പൂർണമായും കായികതാരങ്ങൾക്കായി തുറന്നുനൽകണമെന്ന് ഫുട്ബോൾ ഇതിഹാസം പദ്മശ്രീ ഐ.എം. വിജയൻ.
കോർപറേഷൻ സംഘടിപ്പിച്ച ടോക് ടു മേയർ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് താരം ആവശ്യമുന്നയിച്ചത്. താനടക്കമുള്ള കായികതാരങ്ങൾ പന്തുതട്ടി വളർന്ന സ്റ്റേഡിയമാണിതെന്നും ആ മണ്ണിൽനിന്നുള്ള വളർച്ചയാണ് തന്നെ പദ്മശ്രീ പുരസ്കാരംവരെ എത്തിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്റ്റേഡിയം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകണം. നിലവിൽ ഒട്ടേറെ പ്രതിഭകളായ കുട്ടികൾക്ക് പരിശീലനത്തിനായി പുറത്തുപോകേണ്ടിവരുന്നത് ഖേദകരമാണെന്നും ആ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനുമതി ലഭിച്ചാൽ ഈ വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ തൃശൂരിലേക്കെത്തിക്കാൻ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കാൻ തയാറാണെന്നും അറിയിച്ച അദ്ദേഹം തന്റെ അമ്മയുടെ പേരിൽ ടൂർണമെന്റ് നടത്താൻ മുൻ ഭരണസമിതിയെ സമീപിച്ചപ്പോൾ തനിക്കുനേരിട്ടത് വേദനിക്കുന്ന അനുഭവമായിരുന്നുവെന്നും നിലവിലെ ഭരണസമിതിയിൽനിന്നു പൂർണ പിന്തുണയാണു ലഭിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കോർപറേഷന്റെ ഒന്നാം വാർഷികവികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കർമദ്യുതി ലോഗോ പ്രകാശനം ചെയ്യാനാണു താരം എത്തിയത്. പരിപാടിയിലെ ആദ്യ പരാതിയായി ഐ.എം. വിജയന്റെ ആവശ്യം സ്വീകരിച്ച മേയർ, സ്റ്റേഡിയത്തിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുമെന്നും അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി കായികതാരങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷത വഹിച്ച അദാലത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ടി.ആർ. സന്തോഷ്, ഷീന ചന്ദ്രൻ, കരോളിൻ ജോഷ്വ, മേഫി ഡെൽസണ്‍, അഡ്വ. വില്ലി ജിജോ, സെക്രട്ടറി പി.വി. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭയുടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കു പരിഹാരം കാണാനായാണ് അദാലത്ത് സംഘടിപ്പിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും ഓരോ മൂന്നുമാസം കൂടുന്പോഴും ഇത്തരത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും മേയർ അറിയിച്ചു.
ടോക് ടു മേയർ പരാതി അദാലത്തിൽ 250 പേരെ നേരിൽകണ്ടു. വർഷങ്ങളായി വിവിധ ഓഫീസുകളിൽ പരിഹാരമില്ലാതെ കിടന്ന പരാതികളും പുതിയ പരാതികളും നിയമപരമായും ഭരണപരമായും തീർപ്പുകാണുന്നതിനായി മുഴുവൻ ഓഫീസ് സംവിധാനവും ഒരുമിച്ചുപ്രവർത്തിക്കാൻ സംവിധാനമൊരുക്കി.
കൗണ്‍സിൽ തീരുമാനം ആവശ്യമായ വിഷയങ്ങൾ ഉടൻ കൗണ്‍സിലിന്റെ പരിഗണനയ്ക്കു സമർപ്പിച്ച് ദ്രുതഗതിയിൽ തീർപ്പാക്കുമെന്നു മേയർ അറിയിച്ചു. രാവിലെ ഒൻപതിന് ആരംഭിച്ച അദാലത്ത് രാത്രി ഏഴുവരെ നീണ്ടു.
