കൊച്ചി: തങ്ങൾക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയാക്കാൻ താരങ്ങളെ തേടി ട്വന്റി 20. കുന്നത്തുനാട് ഫുട്ബോൾ താരം ഐ.എം. വിജയനെയും പെരുമ്പാവൂരിൽ നടി ശ്വേത മേനോനെയും സ്ഥാനാർഥികളാക്കാൻ പാർട്ടി പ്രതിനിധികൾ ഇരുവരുമായും ചർച്ചകൾ നടത്തി.
എൻഡിഎ മുന്നണിയുടെ ഭാഗമായതോടെ പാർട്ടിക്കു കാര്യമായ വേരോട്ടമുള്ള കുന്നത്തുനാട്ടിൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ കൂടി ചേർത്ത് വിജയിക്കാനാകുമെന്ന കണക്കുകൂട്ടൽ ട്വന്റി 20 യ്ക്കുണ്ട്.
നിലവിൽ പാർട്ടി നേതൃസ്ഥാനങ്ങളിലുള്ളവരാരും കുന്നത്തുനാട്ടിൽ മത്സരിക്കില്ല. രാഷ്ട്രീയത്തിനപ്പുറം പൊതുസ്വീകാര്യതയുള്ള മുഖങ്ങളെ സ്ഥാനാർഥിയായി അവതരിപ്പിച്ചാൽ നേട്ടമാകുമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എം. വിജയനുമായി പാർട്ടി നേതൃത്വത്തിന്റെ ദൂതർ ആദ്യഘട്ട ആശയവിനിമയം നടത്തിയത്. വിജയനു മത്സരിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ഇക്കാര്യത്തിൽ ബിജെപിയുടെ സമ്മതവും പാർട്ടി പരിഗണിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ 55000 മുതൽ 62000 വരെ വോട്ടുകൾ സമാഹരിക്കാനാകുമെന്നാണ് ട്വന്റി 20 കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 53000 വോട്ടുകൾ പാർട്ടിക്കു ലഭിച്ചിരുന്നു.
5000 ഓളം വോട്ടുകളുള്ള വാഴക്കുളം പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. ഇതിനൊപ്പം ബിജെപി വോട്ടുകൾ കൂടി ചേർത്താൽ നിയമസഭയിലേക്കു വിജയിക്കാവുന്ന സ്ഥിതിയിലെത്താമെന്നാണു പ്രതീക്ഷ. അതേസമയം എൻഡിഎ പാളയത്തിലേക്കു ചേക്കേറിയതിലൂടെ കുറേ വോട്ടുകളെങ്കിലും നഷ്ടമാകുമെന്ന ആശങ്കയും ട്വന്റി 20യ്ക്കുണ്ട്.
ഇതിനിടെ പെരുമ്പാവൂരിൽ സിനിമാതാരവും അമ്മ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്. ഇവരുമായും പാർട്ടി പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
എന്നാൽ എൻഡിഎയിൽ തന്നെ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നതാണ് ഉചിതമെന്ന് ഒരു കേന്ദ്രമന്ത്രി അറിയിച്ചതിനെത്തുടർന്ന് ചർച്ചകൾ വഴിമുട്ടി. മറ്റു ചില താരങ്ങളുമായും ട്വന്റി 20 പ്രതിനിധികൾ സ്ഥാനാർഥിത്വം സംബന്ധിച്ചു ചർച്ചകൾ നടത്തിയെന്നും സൂചനയുണ്ട്.
