കൊല്ലം: രാജ്യത്തെ തെരത്തെടുത്ത 1337 സ്റ്റേഷനുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. റെയിൽവയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം എല്ലാ സ്റ്റേഷനുകളിലും സ്റ്റാൻഡാർഡ് ചെയ്യാൻ കഴിയുന്ന നൂതനവും പ്രായോഗികവുമായ ക്ലോക്ക് ഡിസൈനുകൾ ആയിരിക്കും ഇതിനായി തെരത്തെടുക്കുക.
കൃത്യമായി സമയം പ്രദർശിപ്പിക്കുക എന്നതിന് അപ്പുറം ഇവ ദേശീയ അഭിമാനത്തിന്റെ പ്രതീകമാക്കി മാറ്റുക എന്നതും റെയിൽവേയുടെ ലക്ഷ്യമാണ്.പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, കാത്തിരിപ്പ് മുറികൾ, മറ്റ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത 20 മുതൽ 25 വരെ ഡിജിറ്റൽ ക്ലോക്കുകൾ ഓരോ സ്റ്റേഷനിലും സജ്ജീകരിക്കും.
പുനരുപയോഗിക്കാവുന്ന സൗരോർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഡിജിറ്റൽ ക്ലോക്കുകൾക്ക് ആയിരിക്കും റെയിൽവേ മുന്തിയ പരിഗണന നൽകുക. സമയം മാത്രം പ്രദർശിപ്പിക്കുന്നത് ആയിരിക്കില്ല ക്ലോക്കുകൾ. പ്രദേശത്തെ താപനില, മലിനീകരണ തോത്, യാത്രക്കാർക്ക് ഉപയോഗപ്രദമായ മറ്റ് വിവരങ്ങൾ എന്നിവയുടെ അധിക ഡിസ്പ്ലേയും ക്ലോക്കിൽ ഉണ്ടാകും.
അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ രാജ്യത്ത് 1337 സ്റ്റേഷനുകളുടെ നവീകരണവും പുനർനിർമാണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഇവിടങ്ങളിലാണ് ആദ്യം ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കുക. 2026 ന്റെ തുടക്കത്തിൽ ആദ്യ സെറ്റ് ക്ലോക്കുകൾ സ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. തുടർന്ന് എല്ലാ സ്റ്റേഷനുകളിലേയ്ക്കും വ്യാപിപ്പിക്കും.
ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയം ദേശീയ ഡിസൈൻ മത്സരം സംഘടിപ്പിക്കും. ഇതിനായി പ്രഫഷണൽ ഡിസൈനർമാർ, സ്കൂൾ-കോളജ് വിദ്യാർഥികൾ എന്നിവരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു കഴിഞ്ഞു. മികച്ച ഡിസൈനുകൾക്ക് സമ്മാനങ്ങളും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ക്ലോക്ക് ഡിസൈനുകളുടെ പകർപ്പവകാശം ഇന്ത്യൻ റെയിൽവേയിൽ നിക്ഷിപ്തമായിരിക്കും.
- എസ്.ആർ. സുധീർ കുമാർ