ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ട്രോള്‍ ഗ്രൂപ്പില്‍ പൊട്ടിത്തെറി, മെംബര്‍മാരെ ബ്ലോക്ക് ചെയ്യുന്ന രശ്മി നായര്‍ക്കെതിരേ ഒരുവിഭാഗം രംഗത്ത്, സമാന്തര ഗ്രൂപ്പുമായി ആന്റി ഐസിയു, ഐസിയുവില്‍ സംഭവിക്കുന്നത് ഇതൊക്കെ

മലയാളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ട്രോള്‍ പേജും ഗ്രൂപ്പും ഏതാണെന്ന് ചോദിച്ചാല്‍ ഏവരും ഒരൊറ്റ ഉത്തരമാകും നല്കുക. അതു നമ്മുടെ ഐസിയു തന്നെ. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ എന്ന ഐസിയു ഫേസ്ബുക്ക് വെരിഫിക്കേഷന്‍ ലഭിക്കുന്നതിലേക്കു പോലും വളര്‍ന്നു. സമൂഹിക വിമര്‍ശനങ്ങളെ ഫലിതരൂപത്തില്‍ അവതരിപ്പിക്കുന്ന പേജിന് വലിയ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

ഗ്രൂപ്പിലെ മെംബര്‍മാരിലൊരാള്‍ ചുംബന സമരത്തിലൂടെ കുപ്രസിദ്ധയായ രശ്മി നായരാണ്. എന്നാല്‍ അടുത്തിടെയായി പലരുടെയും ട്രോളുകള്‍ ഇവര്‍ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും പ്രതികരിക്കുന്നവരെ പേജില്‍ നിന്ന് വിലക്കുകയും ചെയ്യുകയാണെന്ന് ഒരുവിഭാഗം പറയുന്നു. ഐസിയുവിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പുറത്തായവര്‍ ആന്റി- ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ പേജും ഗ്രൂപ്പും രൂപീകരിക്കുകയും ചെയ്തു. ഐസിയു ഗ്രൂപ്പിനെതിരേ വ്യാപ വിമര്‍ശനമാണ് ഈ ഗ്രൂപ്പില്‍ ഉയരുന്നത്.

അതേസമയം, ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പ് മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പലരും ഗ്രൂപ്പു വിട്ടുപോയിരുന്നു. ഐസിയു പേജിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഐസിയുവിന്റെ മതവികാരം വ്രണപ്പെടുത്തുന്ന ട്രോളിനു താഴെ തന്നെ നൂറുകണക്കിനു പേര്‍ പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു.ഐസിയുവിനെതിരേ ഫേസ്ബുക്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള ക്യാമ്പെയ്‌നും ശക്തമായിരുന്നു. ഇതിനിടെയിലാണ് ഇപ്പോള്‍ ഐസിയുവില്‍ കലാപം ശക്തമായിരിക്കുന്നത്. ലക്ഷങ്ങള്‍ പിന്തുടരുന്നതില്‍ പേജില്‍ പലപ്പോഴും വ്യക്തികളെയും മതവികാരങ്ങളെയും മുറിവേല്പിക്കുന്ന പോസ്റ്റുകള്‍ വരാറുള്ളതായി മുമ്പും ആരോപണമുയര്‍ന്നിരുന്നു.

ഇന്റര്‍നാഷണല്‍ ചളി യൂണിയന്റെ പിറവി ഇങ്ങനെ

100-150 ഓളം ആളുകളുടെ ഓര്‍ക്കൂട്ട് ഗ്രൂപ്പായാണ് തുടക്കം. 2007-ല്‍ കൊല്ലം സ്വദേശി റോഷന്‍ തോമസ് എന്‍ജിനിയറിംഗ് പഠനത്തിന് ശേഷം തന്റെ സഹപാഠികളെയും സുഹൃത്തുക്കളെയും ചേര്‍ത്താണ് ഗ്രൂപ്പ് ആരംഭിക്കുന്നത്. കൂട്ടുകാര്‍ക്ക് പരസ്പരം തമാശ പറയാനും കളിയാക്കാനും ഒക്കെയായിട്ടായിരുന്നു തുടങ്ങിയത്. പിന്നീട് പഠിത്തം കഴിഞ്ഞ് ജോലി നേടി പലരും പല സ്ഥലങ്ങളിലായി. ഓര്‍ക്കൂട്ട് പോയി ഫേസ്ബുക്ക് വന്നു. അങ്ങനെ 2012-ല്‍ ഫേസ്ബുക്കില്‍ ഐസിയു ഗ്രൂപ്പ് തുടങ്ങി. ഗ്രൂപ്പിന്റെ ആദ്യ അംഗങ്ങള്‍ അവരുടെ സുഹൃത്തുക്കളെ ഗ്രൂപ്പിലെത്തിച്ചു. പിന്നെ ചളിയന്‍മാരുടേയും ചളി ആസ്വാദകരുടേയും പ്രവാഹമായിരുന്നു ഗ്രൂപ്പിലേക്ക്.

2013 അവസാനത്തോടെ പ്രത്യേകപേജ് ആരംഭിക്കുന്നത്. ഗ്രൂപ്പില്‍ നിന്നുള്ള പോസ്റ്റുകള്‍ തെരഞ്ഞെടുത്ത് കൊള്ളാവുന്നവ ഫില്‍റ്റര്‍ ചെയ്ത് പേജില്‍ ഇടാന്‍ തുടങ്ങി. ഒഫീഷ്യല്‍ എന്‍ഡോഴ്സഡ് ട്രോളുകള്‍ പേജിലേത് മാത്രമാക്കുകയായിരുന്നു ലക്ഷ്യം. ഗ്രൂപ്പ് അഡ്മിന്‍മാരായി നൂറിലധികം പേരാണുള്ളത്. പേജിന്റേയും മറ്റു ചാനലുകളുടേയും പ്രവര്‍ത്തകര്‍ അടക്കം 100 ഓളം പേര്‍ ഐസിയുവിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തരും ഓരോ സമയത്താവും ആക്ടീവ് ആവുക. ജോലിക്ക് ബുദ്ധിമുട്ട് വരാതെ പലസമയത്തായി ഓണ്‍ലൈന്‍ ആയി ഗ്രൂപ്പിന്റെ ആക്ടിവിറ്റീസ് നോക്കുവാന്‍ കുറച്ചു പേര്‍ ഓണ്‍ലൈന്‍ ഉണ്ടാവും. കേരളത്തിനു പുറമെ തമിഴ്നാട്, ബംഗളുരു, ഡല്‍ഹി, ഇറ്റലി, ജര്‍മ്മനി, മിഡില്‍ ഈസ്റ്റ്, യു.എസ് തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നായി പല മേഖലയില്‍ നിന്നുള്ളവര്‍ അവരിലുണ്ട്. അതില്‍ വിദ്യാര്‍ത്ഥികളുണ്ട്, എജിനീയറുണ്ട്, ഡോക്ടര്‍മാരുണ്ട്, ജോലിയില്ലാത്തവരുണ്ട്. അങ്ങനെ എല്ലാതരത്തിലും പെട്ടവരുണ്ട്.

നിഷ്പക്ഷവും പുരോഗമനപരവുമായ രാഷ്ട്രീയശരിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള എഡിറ്റോറിയല്‍ പോളിസിയാണ് ആദ്യഘട്ടത്തില്‍ ഐസിയുവിനുണ്ടായിരുന്നത്. പിന്നീട് പലപ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. തമാശകള്‍ സൃഷ്ടിക്കാന്‍വേണ്ടി നിരപരാധികള്‍ക്കെതിരേയും മതവിശ്വാസത്തിനെതിരേയും ട്രോളുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഐസിയു വിവാദത്തിലായത്.

Related posts