ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചും ദ്വാരകയിലെ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന 6,969.67 കോടി രൂപയുടെ 8.1 കിലോമീറ്റര്‍ ഭൂഗര്‍ഭപാത നിര്‍മാണമടക്കം 14,000 കോടി രൂപയുടെ തുരങ്ക, റോഡ് പദ്ധതികള്‍ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഡല്‍ഹിയിലെ ആറു വരി തുരങ്കപാത നിര്‍മാണം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ദേശീയപാത 34ലെ കാണ്‍പുര്‍ മുതല്‍ കബ്രായി വരെയുള്ള 117.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി പാത നിര്‍മാണത്തിനുള്ള 7,145.14 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് രണ്ടു വന്‍ റോഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്.
ഡല്‍ഹിയിലെ ഏറ്റവും വലിയ വനപ്രദേശങ്ങളിലൊന്നായ ദക്ഷിണ റിഡ്ജിനടിയിലൂടെ ടണല്‍ ബോറിംഗ് മെഷീന് സാങ്കേതികവിദ്യ ഉപയോഗിച്ചാണു പുതിയ ഇരട്ട ട്യൂബ് ഭൂഗര്‍ഭപാത നിര്‍മിക്കുക. ഉപരിതലത്തിലെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനായി ഇതേ രീതിയിലാണ് ഈ മേഖലയില്‍ ഡല്‍ഹി മെട്രോ റെയില്‍ തുരങ്കം നിര്‍മിച്ചത്. പരിസ്ഥിതിലോല പ്രദേശമായ റിഡ്ജിനെ ബാധിക്കാതെയാകും നിര്‍മാണമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു.
