കാത്തിരിപ്പിനു വിരാമം; ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയിലൂടെ ഉടന്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങും

tunnel600ചെന്നൈ: ഇന്ത്യയിലെ ഏറ്റവും നീളമേറിയ തുരങ്കറോഡിലൂടെ ഉടന്‍ ഗതാഗതം ആരംഭിക്കും. ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ് ഈ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ടണല്‍പാതയുള്ളത്. 286 കിലോമീറ്റര്‍ നീളമുള്ള നാലുവരി പാതയുടെ ഭാഗമാണ് ഈ ഇരട്ട തുരങ്കപാത.

2011 മേയ്23നാണ് ലോവര്‍ ഹിമാലയന്‍ മേഖലയില്‍ നിന്ന് തുരങ്കത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 3,720 കോടി രൂപയാണ് പദ്ധതിയ്ക്കു ചെലവായത്. സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടണല്‍ ” ഇന്റഗ്രേറ്റഡ് ടണല്‍ കണ്‍ട്രോള്‍ സിസ്റ്റം” സാങ്കേതിക വിദ്യയുള്ള ഇന്ത്യയിലെ ആദ്യ തുരങ്കമാണ്. വായു സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍, അഗ്നിശമനോപാദികള്‍, സിഗ്നലുകള്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്നിവയും തുരങ്കത്തിലുണ്ട്.

തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ജമ്മു-ശ്രീനഗര്‍ യാത്രാ സമയം രണ്ടര മണിക്കൂര്‍ കുറയും. ചെനാനിയില്‍ നിന്ന് നാഷ്‌റിയിലെത്താന്‍ വെറും 10.9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. നിലവില്‍ 41 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. മാര്‍ച്ച് ഒമ്പതിനും പതിനഞ്ചിനും നടത്തിയ പരീക്ഷണയാത്രകള്‍ ഇതു തെളിയിക്കുന്നതായിരുന്നു.ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ടണലിലൂടെയുള്ള പൊതുഗതാഗതം ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഈ ടണല്‍ വരുന്നതോടെ തണുപ്പുകാലത്ത് മഞ്ഞുവീഴ്ച മൂലം എന്‍എച്ച്-വണ്‍എ ദേശീയപാതയിലുണ്ടാകുന്ന ട്രാഫിക് ജാം കുറയ്ക്കാമെന്നാണ് പ്രൊജക്ട് ഡയറക്ടര്‍ ജെ എസ് റാത്തോഡ് പറയുന്നത്.

Related posts