എനിക്ക് വിശക്കുന്നു… ഉരുൾപ്പൊട്ടലിൽ തകർന്ന സ്ഥലത്ത് കണ്ടെത്തിയ റെഫ്രിജറേറ്റർ തുറന്ന രക്ഷപ്രവർത്തകർ  അത്ഭുതപ്പെട്ടു;  ഫ്രിഡ്ജിനുള്ളിൽ ഒരു കുട്ടി…

മനില: ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ റെഫ്രിജറേറ്ററിനുള്ളിൽ ഒളിച്ച പതിനൊന്നു വയസുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ഫിലിപ്പീൻസിലെ ബേബേ സിറ്റിയിലുള്ള അവരുടെ വീട്ടിൽ ഒരു വലിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലുണ്ടാ യപ്പോൾ സിജെ ജാസ്മി എന്ന കുട്ടി കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു.

ഉഷ്ണമേഖലാ കൊടുങ്കാറ്റായ മെഗി വീശിയടിച്ച ലെയ്റ്റെ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഫ്രിഡ്ജിനുള്ളിൽ കിടക്കുന്ന നിലയിൽ അടുത്ത ദിവസം ജാസ്മിയെ കണ്ടെത്തിയത്.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടങ്ങിയതോടെ 11 വയസുകാരൻ രക്ഷപ്പെടാനായി വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിക്കുകയായിരുന്നു.

ഏകദേശം 20 മണിക്കൂറോളം ഉപകരണത്തിനുള്ളിൽ കിടന്നു. ഉരുൾപൊട്ടലിൽ പെട്ട ഫ്രിഡ്ജ് മണ്ണിനൊപ്പം ഒഴുകിപ്പോയപ്പോഴും ജാസ്മി തെറിച്ചുപോയില്ല.

രക്ഷാപ്രവർത്തനത്തിന് തെരച്ചിൽ നടത്തിയ സംഘം നദീതീരത്തു റെഫ്രിജറേറ്ററും അതിനുള്ളിൽ കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

അവർ ചെളിയിൽനിന്നു തകർന്നു തുടങ്ങിയ റെഫ്രിജറേറ്റർ ഒരു ശവപ്പെട്ടി പോലെ ഉയർത്തിയെടുത്തു. ഇതിൽ കുട്ടിയെ ജീവനോടെ കണ്ട രക്ഷാപ്രവർത്തകർ ആദ്യം അദ്ഭുതപ്പെട്ടു.

എനിക്കു വിശക്കുന്നു എന്നായിരുന്നു കുട്ടിയെ പുറത്തെടുത്തപ്പോൾ ആദ്യ പ്രതികരണം. ജാസ്മിക്കു മുഴുവൻ സമയവും ബോധമുണ്ടായിരുന്നു. എന്നാൽ, ഉരുൾപൊട്ടലിൽ ഫ്രിഡ്ജ് തകടം മറിഞ്ഞതിലൂടെ കുട്ടിയുടെ കാലിൽ ഒടിവുണ്ടായിരുന്നു.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. അതേസമയം, ജാസ്മിക്കു ലഭിച്ച ഭാഗ്യം അവന്‍റെ കുടുംബത്തിനു കിട്ടിയില്ല.

അവന്‍റെ അമ്മയെയും അനുജത്തിയെയും ഇപ്പോഴും കാണാനില്ല, ഒരു ദിവസം മുമ്പ് മറ്റൊരു മണ്ണിടിച്ചിലിൽ അവന്‍റെ പിതാവും മരിച്ചിരുന്നു. എന്നാൽ, 13 വയസുള്ള സഹോദരൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടതായി കരുതുന്നു.

കൊടുങ്കാറ്റിനെത്തുടർന്ന് ബേബേയിൽ മാത്രം 172 പേർ മരിച്ചു. 200ഓളം പേർക്കു പരിക്കേറ്റു. കൊടുങ്കാറ്റ് മൂലം ലക്ഷക്കണക്കിന് ആളുകളെ ഇവിടെനിന്ന് ഒഴുപ്പിച്ചു. കാണാതായവർക്കായി ഇപ്പോഴും മണ്ണിലും ചെളിയിലും തെരച്ചിൽ നടത്തി വരികയാണ്.

Related posts

Leave a Comment